തിരുവനന്തപുരം: മാദ്ധ്യമ വാർത്തയുടെ മേലെയാണ് ജനങ്ങൾ നിൽക്കുന്നതെന്ന് കരുതരുതെന്നും അവർ എല്ലാം ശരിയായി മനസിലാക്കുന്നുണ്ടെന്നും അതിലാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജനത്തെ വിശ്വാസമുള്ളതു കൊണ്ടാണ് തെറ്റായ വാർത്ത കൊടുക്കുമ്പോഴും ബോധപൂർവം തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോഴും ഒരു തരത്തിലുള്ള മനശ്ചാഞ്ചല്യവും എനിക്കില്ലാത്തത്. ഇന്നലെ വാർത്താസമ്മേളനത്തിൽ, സ്വർണക്കടത്ത് വിവാദത്തിൽ ചോദ്യങ്ങളുയർന്നപ്പോഴാണ് മുഖ്യമന്ത്രി തുടർച്ചയായ രണ്ടാം ദിവസവും ആഞ്ഞടിച്ചത്.
സ്വർണക്കടത്ത് പ്രശ്നമുണ്ടായ ആദ്യ ദിവസം തന്നെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചെന്ന പ്രസ്താവനയല്ലേ വലിപ്പത്തിൽ കൊടുത്തത്. ഏത് തെളിവിന്റെയടിസ്ഥാനത്തിലായിരുന്നു അത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വന്നതാണത്.
ഇതാ, ഇയാളെയൊന്ന് നോക്കിക്കേ, ഒന്ന് വിളിക്കേ, ഒന്ന് തെളിവെടുക്കേ എന്ന് പറയുന്ന പണി അന്വേഷണ ഏജൻസി നടത്തേണ്ടതാണ്. ഏതെങ്കിലും മാദ്ധ്യമമല്ല ചൂണ്ടിക്കാട്ടേണ്ടത്. ഇവിടെ അത്തരം കാര്യങ്ങളടക്കം വിളിച്ചുപറയുന്ന നിലയുണ്ടായില്ലേ. ഒരു വസ്തുതയുമില്ലാതെ ആളുകളെ കുറ്റപ്പെടുത്തുന്ന നില വന്നില്ലേ. അതെല്ലാം മാദ്ധ്യമധർമ്മത്തിൽ പെട്ടതാണോ?.
മാദ്ധ്യമധർമ്മത്തിന്റെ കാര്യം ഞാൻ പറഞ്ഞത് നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ നിങ്ങളെ പറഞ്ഞു വിടുന്നയാളുകൾക്ക് ബോദ്ധ്യമാവില്ല. വീണ്ടും വീണ്ടും ചോദിക്കണമെന്ന് അവർ പറയും.
ഞങ്ങൾ പിടിച്ച വഴിക്ക് ഞങ്ങൾ പോകും, ചോദ്യം ചെയ്യാനാര് എന്ന രീതിയിലാണ് നിങ്ങളുടെ പോക്ക്. ശരിയായ കാര്യം നിർവഹിക്കുമ്പോൾ ആർക്കാണ് പരാതി. എന്നാൽ, നിങ്ങൾക്കതിൽ തന്നെ കെട്ടിത്തിരിയാനാണ് താല്പര്യം.
മാദ്ധ്യമങ്ങളുടേത് സ്വാഭാവിക ചോദ്യമാണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മേലെ നടപടിയുണ്ടായാൽ അതോടെ അവസാനിക്കേണ്ടതാണ്. എന്നാൽ, നിങ്ങൾക്ക് വേണ്ടത് മുഖ്യമന്ത്രി ഇത്തരം കാര്യങ്ങൾക്കെല്ലാം കൂട്ടുനിൽക്കുന്നയാളാണെന്ന് സ്ഥാപിക്കലാണ്. അത് നിങ്ങളെ പറഞ്ഞുവിടുന്നവരുടെ ആവശ്യമാണ്. ഇതിനായി ഇറങ്ങിത്തിരിച്ചിട്ടുള്ള ഒരു സംഘത്തിന്റെ ജോലിയാണ് നിങ്ങൾ നിറവേറ്റുന്നത്. ആ സംഘത്തിന്റെ വക്താക്കളെ വരെ നിശ്ചയിച്ചയയ്ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ: സ്വപ്ന കമ്മിഷൻ തട്ടിയത്
പരിശോധിക്കുമെന്ന്മുഖ്യമന്ത്രി
ലൈഫ് മിഷൻ ഭവനപദ്ധതിയിൽ സ്വപ്ന സുരേഷ് കമ്മിഷൻ തട്ടിയെടുത്ത സംഭവത്തിൽ വിശദാംശങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലൈഫ് മിഷൻ നാടിന്റേതാണെങ്കിലും അതിൽ സഹായിക്കാനായി യു.എ.ഇയിലെ ചാരിറ്റി സംഘടനയായ റെഡ് ക്രസന്റ് നേരിട്ട് നടത്തുന്ന പദ്ധതിയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അതിനാൽ അവർ തന്നെ പരിശോധിച്ച് ആവശ്യമായ നടപടികളിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭവനങ്ങളൊരുക്കുന്നതെല്ലാം അവരാണ്. നമ്മൾ സ്ഥലം മാത്രമേ നൽകുന്നുള്ളൂ. യു.എ.ഇയിലെ സന്നദ്ധസംഘടന നേരിട്ട് നടത്തുന്ന പ്രവർത്തി കൈകാര്യം ചെയ്യുന്നത് യു.എ.ഇ കോൺസുലേറ്റും അവരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥസംവിധാനങ്ങളുമൊക്കെയാണ്. ഈ പ്രതി കോൺസുലേറ്റിന്റെ പ്രതിനിധിയായിരുന്നിട്ടുണ്ട്. തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അവിടെ ഉദ്യോഗസ്ഥർ ആരായിരുന്നോ അവർ വഴിയായിരിക്കും. യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയ്ക്ക് അവർക്ക് സ്വാധീനമുണ്ടായിരുന്നിരിക്കും. അതെങ്ങനെയാണ് സർക്കാരിൽ സ്വാധീനമുള്ളത് കൊണ്ടാവുന്നത്?
തന്റെ യു.എ.ഇ സന്ദർശനത്തിന് തൊട്ടുമുമ്പ് ശിവശങ്കറും സ്വപ്ന സുരേഷും യു.എ.ഇയിലെത്തി ഇതിന്റെ കാര്യങ്ങൾ നീക്കിയെന്ന ആരോപണത്തെപ്പറ്റി ചോദിച്ചപ്പോൾ അങ്ങനെ സംഭവിക്കാനിടയില്ലെന്നായിരുന്നു മറുപടി. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചയും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കടത്ത് വിവാദം
മുഖ്യമന്ത്രിക്ക് സി.പി.എമ്മിന്റെ
പൂർണ പിന്തുണ
വീടുവീടാന്തരം സംശയദൂരീകരണം
തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ നീക്കമെന്ന് സി.പി.എം സംസ്ഥാനസമിതി വിലയിരുത്തി. ഇതിനെതിരെ പാർട്ടി ഒറ്റക്കെട്ടായി നിൽക്കാനും തദ്ദേശതിരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽ കണ്ട് വീടുവീടാന്തരം ജനങ്ങളോട് സംശയദൂരീകരണം നടത്താനും തീരുമാനിച്ചു.
കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങൾ പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള യോഗത്തിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന രാഷ്ട്രീയസ്ഥിതിഗതികളുടെ റിപ്പോർട്ടിംഗ് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തി. സ്വർണക്കടത്ത് വിവാദത്തിൽ സർക്കാരിനോ പാർട്ടിക്കോ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും സർക്കാരിൽ ആർക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്തിയാൽ കർശനനടപടിയെടുക്കുമെന്നും നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
രാഷ്ട്രീയലക്ഷ്യം മുൻനിറുത്തിയാണ് പ്രതിപക്ഷം ആരോപണമുന്നയിക്കുന്നത്. യു.ഡി.എഫും ബി.ജെ.പിയും ഒരുമിച്ചാണ് നീങ്ങുന്നത്. രാമക്ഷേത്ര വിഷയത്തിൽ സംഘപരിവാറിന്റെ സ്വരത്തിൽ കോൺഗ്രസ് ദേശീയനേതാക്കൾ നടത്തിയ പ്രതികരണങ്ങൾ തിരിച്ചടിയാകുമെന്ന് മനസിലാക്കി അതിനെ മറികടക്കാനാണ് പ്രതിപക്ഷ നീക്കം.
ഇതിന്റെ ചുവടുപിടിച്ച് പ്രതിപക്ഷ ആക്രമണത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ടെന്ന വികാരമാണ് 14 ജില്ലകളിൽ നിന്നുമുള്ളവർ ചർച്ചയിൽ പ്രകടിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിൽ പ്രവർത്തനം ഊർജിതമാക്കും. ഗെയ്ൽ പൈപ്പ്ലൈൻ പദ്ധതിയടക്കം സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും പ്രവർത്തകർ ശ്രദ്ധിക്കണം.
സമീപകാല രാഷ്ട്രീയവിവാദങ്ങളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമടക്കമുള്ള വിഷയങ്ങളിൽ ഏരിയാ സെക്രട്ടറി വരെയുള്ളവർക്ക് എസ്. രാമചന്ദ്രൻ പിള്ള ഓൺലൈൻ ക്ലാസെടുക്കും. അവർ താഴേത്തട്ടിലേക്ക് സന്ദേശം കൈമാറും.