കാട്ടാക്കട: ഇരുചക്ര വാഹന ഷോറൂമിൽ നിന്നു 1.25 ലക്ഷം രൂപയുടെ ബൈക്ക് മോഷണം നടത്തി. ഇന്നലെ പുലർച്ചയോടെ ,കാട്ടാക്കട എട്ടിരുത്തിയിലെ ആട്ടോമൊബൈൽസിൽ വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന പുത്തൻ വാഹനമാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഷോറൂം അടച്ച ജീവനക്കാർ ഇന്നലെ രാവിലെ 9 മണിയോടെ തുറക്കാൻ എത്തിയപ്പോഴാണ്‌ ഷട്ടറുകൾക്ക് താഴില്ലെന്നു കണ്ടത്. തുടർന്ന് ഉടമയെ അറിയിച്ചു. ഷട്ടർ തുറന്ന് അകത്തു കയറി നടത്തിയ പരിശോധനയിൽ അപ്പാച്ചേ ആർ.ടി.ആർ 160 4വി മോഷണം പോയതായി കണ്ടു. നാലു സ്‌കൂട്ടറുകൾ സ്ഥാനം തെറ്റിയ നിലയിൽ ഉണ്ടായിരുന്നു. പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചു. ദിവസങ്ങൾക്ക് മുൻപ് ഇതേ റോഡിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിൽ നിന്നു ആർ.സി ബുക്ക് ഉൾപ്പടെ തിരഞ്ഞു പിടിച്ചു ബൈക്ക് കടത്തിയിരുന്നു.