തിരുവനന്തപുരം:കുപ്രസിദ്ധ മാല മോഷ്ട്ടാവ് മുട്ടത്തറ പുതുവിള വീട്ടിൽ മാക്കാൻ വിഷ്ണു എന്ന വിഷ്‌ണുവിനെ (25) ഫോർട്ട് പൊലീസിന്റെ പിടിയിലായി. ജില്ലയിലും തമിഴ്നാട്ടിലുമായി കേസുകളിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ഏപ്രിലിൽ ജയിൽ മോചിതനായ വിഷ്‌ണു പിന്നീട് നിരവധി തവണ മോഷണം നടത്തിയിരുന്നു. 6ന് വൈകിട്ട് മുക്കോലയ്‌ക്കൽ ദേവീ ക്ഷേത്രത്തിന് സമീപം റോഡിലൂടെ നടന്നുപോകുകയായിരുന്ന വൃദ്ധയുടെ മാല മോഷ്ടിച്ച കേസിലെയും പ്രധാന പ്രതിയാണ്. മെഡിക്കൽ കോളേജ് പ്രദേശത്തെ ഒരു ഇരുചക്രവാഹന മോഷണക്കേസിലും പ്രതിയാണ് ഇയാൾ. ഫോർട്ട് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാകേഷ്.ജെ, എസ്.ഐ സജു എബ്രഹാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.