തിരുവനന്തപുരം: ജില്ലയുടെ നെഞ്ചിടിപ്പ് കൂട്ടി ഇന്നലെ 485 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. തലസ്ഥാന ജില്ലയുടെ സ്ഥിതി ആശങ്കാജനകമായി മാറുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തീരദേശ മേഖലയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതെങ്കിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗ്രാമ പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്‌തമല്ല. ഇന്നലെയുണ്ടായ രോഗികളിൽ 435 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. 33 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. അഞ്ചുതെങ്ങിൽ ഇന്നലെ 125 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 3 ജനപ്രതിനിധികൾക്കും രോഗബാധയുണ്ടായി. 476 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 125 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് അഞ്ചുതെങ്ങിൽ 444 പേരെ പരിശോധിച്ചതിൽ 104 പേരും പോസിറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കിയിരുന്നു. അഞ്ചുതെങ്ങിന് പുറമെ പാറശാലയിലും സ്ഥിതി അതീവ ഗുരുതരമാണ്. ബീമാപള്ളി, തുമ്പ, പുതുവൽ പുരയിടം, നെല്ലിമൂട്, ചൊവ്വര,മാണിക്യവിളാകം, പുതിയതുറ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം കൂടുന്നുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ -19,055
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -15,282
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -3,068
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -705
ഇന്നലെ നിരീക്ഷണത്തിലായവർ -1,604