തിരുവനന്തപുരം: ട്രഷറി തട്ടിപ്പുകേസിലെ പ്രതി ബിജുലാലിന്റെ ഭാര്യയെയും സഹോദരിയെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.വെട്ടിപ്പ് നടത്തിയ പണം ഭാര്യയ്ക്ക് ആഭരണം വാങ്ങാനും സഹോദരിക്ക് സ്ഥലം വാങ്ങാൻ അഡ്വാൻസ് നൽകാനും ഉപയോഗിച്ചെന്ന് ബിജുലാൽ പൊലീസിനോട് വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇരുവരെയും ചോദ്യം ചെയ്തത്. ബിജുലാലിന്റെ ഭാര്യയെ നേരത്തെ പ്രതിചേർത്തിരുന്നു. അതേ സമയം ഭാര്യയ്ക്കും സഹോദരിക്കും വെട്ടിപ്പിൽ പങ്കില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.അങ്ങനെയെങ്കിൽ ഭാര്യയെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയേക്കും.വഞ്ചിയൂരിലെ മുൻ ട്രഷറി ഓഫീസർ ഭാസ്കരനിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. മേയ് 31 ന് സർവീസിൽ നിന്ന് പിരിഞ്ഞ ഭാസ്കരന്റെ പാസ്‌വേഡ് കൂടി ഉപയോഗിച്ചാണ് ജൂലായ് 27ന് ബിജുലാൽ തട്ടിപ്പ് നടത്തിയത്. ഭാസ്കരൻ തന്നെയാണ് തനിക്ക് പാസ് വേഡ് പറഞ്ഞുതന്നതെന്ന ബിജുലാലിന്റെ പരാമർശത്തെ തുടർന്നാണ് ഇയാളുടെ മൊഴിയെടുത്തത്.