കഴക്കൂട്ടം: ചികിത്സയിലിരിക്കെ മരിച്ച കരിച്ചാറ സ്വദേശിനി വിജയമ്മയ്ക്ക് (51) കൊവിഡില്ലായിരുന്നെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എം എസ് ഷർമ്മദ് അറിയിച്ചു. അതേസമയം ഇവർക്ക് പോസ്റ്റീവാണെന്ന് കളക്ട്രേറ്റിറ്റിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് ആരോഗ്യവകുപ്പും അണ്ടൂർക്കോണം പഞ്ചായത്തും ചേർന്നു വിജയമ്മയുമായി ബന്ധപ്പെട്ട എൺപതോളം പേരുടെ സമ്പർക്ക പട്ടിക ഇന്നലെ തയ്യാറാക്കി. പിന്നാലെ ഇവരെല്ലാം കൊറന്റൈനിൽ പോകണമെന്ന് പഞ്ചായത്ത് മൈക്ക് അനൗൺസുമെന്റും നടത്തി. കൂടാതെ പ്രദേശം കണ്ടെയിൻമെന്റ് സോണാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ജില്ലാകളക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് സൂപ്രണ്ട് ഇത് തെറ്റാണെന്നറിയിച്ചത്. വിജയമ്മ മരിക്കുന്നതിനും ആറുദിവസം മുമ്പ് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം കിട്ടിയപ്പോൾ ഫലം പോസ്റ്റീവ് ആയിരുന്നുവെന്നാണ് ഇതു സംബന്ധിച്ച് വ്യക്ത വരുത്താനായി പഞ്ചായത്ത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരം. എന്നാൽ ഇവർ മരിച്ച ശേഷം നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ഇതാണ് ആശയകുഴപ്പത്തിനിടയാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷകുമാരി പറഞ്ഞു. ശ്വാസതടസത്തെ തുടർന്ന് ജൂലായ് 21നാണ് വിജയമ്മയെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 5ന് ഇവർ മരിച്ചു. തുടർന്ന് മൃതദേഹം വിട്ടു നൽകുകയും ശവസംസ്കാരം നടത്തുകയും ചെയ്തു. ഏതായാലും സംശയത്തിനിടയായ സ്ഥിതിക്ക് എല്ലാരും കൊറന്റൈനിൽ കഴിയണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.