കൊല്ലം: മത്സ്യക്ഷാമം മുതലെടുത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് ചീഞ്ഞമത്സ്യം കടത്തുന്നു. മിൽക്ക് വാനെന്ന പേരെഴുതിയ ഇൻസുലേറ്റഡ് വാനിൽ പ്ളാസ്റ്റിക് ബോക്സുകളിൽ ഒളിപ്പിച്ച് കടത്തിയ 2,500 കിലോ മത്സ്യം ശക്തികുളങ്ങരയിൽ പൊലീസ് പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മത്സ്യം കുഴിച്ചുമൂടി. കിളിമീൻ, ഉലുവ തുടങ്ങിയ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. കുളച്ചലിൽ നിന്ന് ശക്തികുളങ്ങരയിലെ വ്യാപാരിക്കായി എത്തിച്ചതാണ് മത്സ്യമെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ലോറി ഡ്രൈവർ നന്ദകുമാറിനെ കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടതായും ശക്തികുളങ്ങര പൊലീസ് അറിയിച്ചു.