സുൽത്താൻ ബത്തേരി: ചന്ദനമരം മുറിച്ച് കാറിൽ കടത്തുന്നതിനിടെ മൂന്ന് പേർ ബത്തേരി പൊലീസിന്റെ
പിടിയിലായി. ഒരാൾ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ബത്തേരി ഡയറ്റിന് സമീപം വെച്ച് പൊലീസിന്റെ നൈറ്റ് പെട്രോളിംഗിനിടെയാണ് ചന്ദന മോഷ്ടാക്കൾ പൊലീസിന്റെ വലയിലായത്. ഇവരിൽ നിന്ന് 7 കഷണം ചന്ദനം കണ്ടെടുത്തു. നമ്പികൊല്ലി സ്വദേശി പുതിയേടത്ത് റോബിൻ (30), കൈപ്പഞ്ചേരി പാലത്തി ജുനൈസ് (29), മലപ്പുറം പെരിവെള്ളൂർ സ്വദേശി കുടിലിൽ മുഹമ്മദ് അനസ്(29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന റാഫി എന്നയാളാണ് ഓടി രക്ഷപ്പെട്ടത്. കല്ലുവയൽ, പുത്തൻകുന്ന് എന്നിവിടങ്ങളിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മുറിച്ചതാണ് ചന്ദനം. പകൽ സമയങ്ങളിൽ കാറിൽ സഞ്ചരിച്ച് ചന്ദന മരം കണ്ടെത്തിയശേഷം രാത്രി എത്തി മുറിച്ചുകടത്തുകയാണ് സംഘം ചെയ്തിരുന്നത്. മുറിച്ച് കടത്തുന്ന ചന്ദനം മലപ്പുറം ജില്ലയിലാണ് വിൽപ്പന നടത്തുന്നത്. ജില്ലയിൽ നടന്ന ഏഴോളം ചന്ദന കേസിലും ഇവർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബത്തേരി സ്റ്റേഷനിൽ മൂന്ന് കേസും അമ്പലവയൽ സ്റ്റേഷനിൽ ഒരു കേസുമാണ് ഇവർക്കെതിരെ എടുത്തിട്ടുള്ളത്. പൊലീസ് ഇൻസ്‌പെക്ടർ ജി.പുഷ്പകുമാർ, സബ്ബ് ഇൻസ്‌പെക്ടർമാരായ കുമാരൻ, സുലൈമാൻ, എ.എസ്.ഐ. മാത്യു, സി.പി.ഒ മാരായ കുഞ്ഞൻ,നൗഫൽ, ബിനീഷ്, ബിജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.