phc-kettidam

കല്ലമ്പലം: തിരുവനന്തപുരം കൊല്ലം ജില്ലയുടെ അതിർത്തിയിൽ പള്ളിക്കൽ പഞ്ചായത്ത് പരിധിയിൽ പള്ളിക്കൽ ജംഗ്ഷന് സമീപം രണ്ടു ജില്ലകളുടെയും ആരോഗ്യ വികസനം ലക്ഷ്യമിട്ട് അത്യാധുനിക നിലവാരത്തിലേക്കുയർത്തുന്ന പള്ളിക്കൽ സി.എച്ച്.സിക്ക് 9.11 കോടി ചെലവിൽ നിർമ്മിക്കുന്ന 6 നിലകളുള്ള പുതിയകെട്ടിടത്തിന്റെ ഒന്നാം ഘട്ടം നിർമ്മാണം ആരംഭിച്ചു. രണ്ടു ലിഫ്റ്റുകളും മിനി ഓപ്പറേഷൻ തീയറ്ററും ഉൾപ്പെടുത്തി ഐ.പി വാർഡും, താഴത്തെ നിലയിലും ഒന്നാം നിലയിലും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യവുമൊരുക്കും. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ ഒരു കോടി രൂപ ചെലവിട്ട് മന്ദിരത്തിന്റെ അടിസ്ഥാന നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അടുത്ത ഘട്ടം തുടങ്ങാനായില്ല. തുടർന്ന് വി. ജോയി എം.എൽ.എ ഇടപെട്ടതോടെയാണ് ആരോഗ്യ വകുപ്പിന്റെയും നബാർഡിന്റെയും ഫണ്ടുകൾ ലഭ്യമായതും പണി പുനരാരംഭിച്ചതും. പണി പൂർത്തിയാകുന്നതോടെ കൊല്ലം ജില്ലയിലെ ചടയമംഗലം, വെളിനെല്ലൂർ, കല്ലുവാതുക്കൽ പഞ്ചായത്തിലുള്ളവർക്ക് ഭാഗികമായും തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ, മടവൂർ, നാവായിക്കുളം പഞ്ചായത്തിലുള്ളവർക്ക് പൂർണമായും അടിയന്തര സാഹചര്യത്തിൽ ഇവിടെ ചികിത്സ തേടാനാകും. വർക്കല മണ്ഡലത്തിലെ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയായി ഇത് മാറും. പണി പൂർത്തിയാക്കി ഒരു വർഷത്തിനകം നാടിന് സമർപ്പിക്കാനാണ് തീരുമാനമെന്നും സി.എച്ച്.സിക്ക് അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ടതിലുമധികം സൗകര്യങ്ങൾ പുതിയ കെട്ടിടത്തിലുണ്ടാകുമെന്നും വി. ജോയി എം.എൽ.എ അറിയിച്ചു.