തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ടുകോടി തട്ടിയ സംഭവത്തിൽ ട്രഷറി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതോടെ കേസ് ക്രൈംബ്രാഞ്ചിൽ നിന്നും വിജിലൻസിന് കൈമാറും. ക്രെെംബ്രാഞ്ച് എ.സി.സുൾഫിക്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ്
അന്വേഷിച്ചിരുന്നത്. ട്രഷറിയിൽ മൂന്നു മാസം മുമ്പ് നടന്ന മോഷണത്തിന് പിന്നിലും ബിജു ലാലാണെന്നറിഞ്ഞിട്ടും നടപടിയെടുക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി.ഈ സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം ട്രഷറിയിലെ ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ഇതോടെയാണ് കേസ് കൈമാറാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. വകുപ്പ് തല അന്വേഷണത്തിൽ തട്ടിപ്പ് വ്യക്തമായ സാഹചര്യത്തിൽ അന്വേഷണം ഏറ്റെടുക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി വേണ്ടെന്നാണ് വിജിലൻസിന് ലഭിച്ച നിയമോപദേശം.
ഇന്ന് ക്രൈംബ്രാഞ്ച് സംഘം വിജിലൻസ് എസ്.പിയുമായി കൂടികാഴ്‌ച നടത്തും. ട്രഷറിയിൽ നിന്നും 2,74,99,000 രൂപ സീനിയർ അക്കൗണ്ടന്റ് ബിജുലാൽ തട്ടിയെടുത്തെന്നാണ് കേസ്. പ്രതിയുടെ ഭാര്യയും സർക്കാർ ഉദ്യോഗസ്ഥയുമായ സിമിയും കേസിൽ പ്രതിയാണ്.അതേസമയം ബിജുലാലിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിരിക്കുകയാണ്.2019 ഡിസംബറിൽ 3000 രൂപ ഒരു ഇടപാടുകാരനിൽ നിന്ന് തട്ടിയെടുത്താണ് ബിജുലാൽ സാമ്പത്തിക തിരിമറി തുടങ്ങിയത്. പിന്നീട് മുൻ സബ് ട്രഷറി ഓഫീസറുടെ യൂസർ നെയിമും പാസ് വേഡും മനസിലാക്കിയ ശേഷമായിരുന്നു രണ്ടാമത്തെ തട്ടിപ്പ്.ട്രഷറിയിലെ സോഫ്ട്‌വെയർ പിഴവുകൾ മുതലെടുത്തായിരുന്നു ബിജുലാലിന്റെ ഓരോ തിരിമറിയും.