പാലോട്: സസ്യലോകത്തെ ഗിന്നസ് ജേതാവ് ടൈഗർ ഓർക്കിഡ് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ രണ്ടു ചെടികളിലെ നാല് പൂങ്കുലകളിൽ നാനൂറിലധികം പൂക്കളുമായി കാഴ്ചയുടെ വസന്തം തീർക്കുന്നു. ഈ മാസം അവസാനം വരെ പൂക്കാലം ഉണ്ടാകുമെങ്കിലും സന്ദർശകർക്ക് പ്രവേശനമില്ലാത്തതിനാൽ നേരിട്ട് ഇവ കാണാനാകില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സസ്യശേഖരമാണ് ഇവിടെയുള്ളത്. കഴിഞ്ഞ സീസണിൽ ഈ പൂക്കൾ കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം ആളുകളെത്തിയിരുന്നു. ചെടി, പൂങ്കുല, പൂവ് എന്നിവയുടെ വലിപ്പത്തിൽ ഒന്നാം സ്ഥാനമാണ് ടൈഗർ ഓർക്കിഡിന്. മലേഷ്യ, ഫിലിപ്പൈൻസ്, ന്യൂ ഗിനിയ എന്നിവിടങ്ങളിൽ നിത്യഹരിതവനങ്ങളിലെ വൻമരങ്ങളിൽ വളരുന്ന ഈ ചെടിയുടെ വലിപ്പമാണ് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിക്കൊടുത്തത്. പുള്ളിപ്പുലിയുടെ ശരീരത്തോട് സാമ്യമുള്ള പൂക്കൾ ഉള്ളതുകൊണ്ടാണ് ടൈഗർ ഓർക്കിഡ് എന്ന പേര് ലഭിച്ചത്. മൂന്നു മീറ്ററോളം വരുന്ന ഇവയുടെ പൂങ്കുലകളിൽ നൂറോളം പൂക്കളുണ്ടാകും. ഇവയുടെ വിത്ത് ഉത്പാദിപ്പിക്കാനുള്ള ഗവേഷണങ്ങൾ വിജയിച്ചതിനെ തുടർന്ന് ഈ ചെടിയെക്കുറിച്ചുള്ള തുടർപഠനം നടക്കുകയാണെന്ന് ഡയറക്ടർ ഡോ. പ്രകാശ് കുമാർ പറഞ്ഞു.