കടയ്ക്കാവൂർ:കഴിഞ്ഞ ദിവസം രോഗബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച അഞ്ചുതെങ്ങ് സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിൽ ആറ്റിങ്ങലിൽ ഉണ്ടായ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങിൽ പൊതു ശ്‌മശാനം വേണമെന്നാവശ്യം ശക്തമാകുന്നു.

അഞ്ചുതെങ്ങ് സ്വദേശിയായ ജൂഡി ഇഗ്‌നേഷ്യസ് (68) ന്റെ മൃതദേഹമാണ് പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ആറ്റിങ്ങൽ നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കാരം മണിക്കൂറുകളോളം തടസപ്പെട്ടത്. തുടർന്ന് ബന്ധപ്പെട്ടവർ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിൽ സംസ്കരിക്കാൻ അനുവദിക്കുകയായിരുന്നു.

ഈ സഹചര്യംകൂടി കണക്കിലെടുത്താണ് വർഷങ്ങൾ നീണ്ട ആവശ്യം വീണ്ടും ശക്തമാകുന്നത്.

അടിക്കടി വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന അഞ്ചുതെങ്ങിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം കയറിക്കഴിഞ്ഞാൽ ആഴ്ചകളോളമാണ് മലിനജലം തങ്ങി നിൽക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ മൃതദേഹങ്ങൾ മത-ആചാര പ്രകാരം ദഹിപ്പിക്കുവാനോ മറവ് ചെയ്യുവാനോ കഴിയാത്ത അവസ്ഥയാണ്.

ഉടനടി ഇതിന് അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ച് പൊതുശ്മശാനം യാഥാർത്ഥ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.