വെഞ്ഞാറമൂട്: വാമനപുരം നിയോജക മണ്ഡലത്തിലെ പനവൂർ കേന്ദ്രമാക്കി പുതിയ പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തം. നെടുമങ്ങാട്, പാലോട്, വെഞ്ഞാറമൂട്, വട്ടപ്പാറ, പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധികളുടെ മദ്ധ്യഭാഗത്തായി വരുന്ന മലയോര ഗ്രാമപ്രദേശമാണ് പനവൂർ ഗ്രാമപഞ്ചായത്ത്.

ആനാട്, പനവൂർ, നന്ദിയോട്, പാങ്ങോട്, കല്ലറ, പുല്ലമ്പാറ, വാമനപുരം പഞ്ചായത്തുകളുടെ അതിർത്തികൾ പങ്കിടുന്ന ഉൾ ഗ്രാമപ്രദേശങ്ങളിലേക്ക് കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ എത്തിച്ചേരാൻ കഴിയൂ എന്നതിനാൽ പലപ്പോഴും പൊലീസ് പട്രോളിംഗ് കാര്യക്ഷമമായി നടക്കാറില്ലെന്നും ഉൾ ഗ്രാമപ്രദേശങ്ങളിലെ ക്രമസമാധാന പാലനത്തിന് ഇവിടെ പൊലീസ് സ്റ്റേഷൻ അത്യാവശ്യമാണെന്നും നാട്ടുകാരും പൊതുപ്രവർത്തകരും ആവശ്യപ്പെടുന്നു. പനവൂർ കേന്ദ്രമാക്കി പുതിയ സ്റ്റേഷൻ അനുവദിച്ചാൽ ഈ പ്രദേശങ്ങളിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ പൊലീസ് സേനയ്ക്ക് കഴിയും.