കിളിമാനൂർ: തോരാമഴയിൽ അന്തിയുറങ്ങാൻ ഇടമില്ലാതെ ഒരു കുടുംബം. ഉണ്ടായിരുന്ന ആശ്രയം കൂടി കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുകയാണ് അടയമൺ ആശാരി കുന്നിൽ സുരേഷും കുടുംബവും. എഴുപത് വർഷം പഴക്കമുള്ള വീട്ടിൽ ഭാര്യ ഉഷാകുമാരിയും വിദ്യാർത്ഥികളായ രണ്ട് മക്കളും സുരേഷുമാണ് താമസിച്ചിരുന്നത്.
കൂലിപ്പണിക്കാരനായ സുരേഷിന്റെ വീടിന്റെ ഒരു ഭാഗം പൂർണമായും മറ്റ് ഭാഗങ്ങൾ ഭാഗികമായും കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിഞ്ഞു വീണു. മര തൂണിന്റെ സഹായത്താലാണ് മേൽക്കൂര നിലനിർത്തിയിരിക്കുന്നത്. മണ്ണ് കൊണ്ട് ഉണ്ടാക്കിയ ചുവരും തകർന്ന മേൽക്കൂരയും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. അന്തിയുറങ്ങാൻ ചോർന്നൊലിക്കാത്ത സ്ഥലം ഇല്ല. വീട് ഏതു നിമിഷവും നിലം പതിക്കാൻ സാദ്ധ്യതയുണ്ട്. പല തവണ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കാൻ അപേക്ഷ നൽകിയെങ്കിലും നാളിതുവരെ സഹായങ്ങൾ ലഭിച്ചിട്ട് ഇല്ല എന്ന് ഇവർ പറയുന്നു.