04

തിരുവനന്തപുരം: ജില്ലയിൽ മൂന്നു ദിവസമായി തുടരുന്ന മഴയ്‌ക്ക് ഇന്നലെയും ശമനമുണ്ടായില്ല. പുലർച്ചെ ആരംഭിച്ച മഴ രാവിലെ പത്തോടെ മലയോര മേഖലകളിലടക്കം ശക്തിപ്രാപിച്ചു. വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെ ജില്ലയിലെ മൂന്ന്‌ ഡാമുകളുടെയും ഷട്ടറുകൾ ഉയർത്തി. അരുവിക്കര ഡാമിന്റെ മൂന്നു ഷട്ടറുകളും പേപ്പാറ ഡാമിന്റെ രണ്ടു ഷട്ടറുകളും നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളുമാണ് ഇന്നലെ ഉയർത്തിയത്. ജലനിരപ്പ് വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ വെള്ളം ഒഴുക്കി വിടേണ്ടിവരുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.ആറിന്റെ കരകളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. പാങ്ങോട് മിലിട്ടറി ക്യാമ്പിന് സമീപം രണ്ടു കൂറ്റൻ മരങ്ങൾ നിലംപൊത്തി. ഒരെണ്ണം ട്രാൻസ്ഫോമറിന് മുകളിലേക്കും മറ്റൊന്ന് റോഡിലേക്കുമാണ് കടപുഴകിയത്. ഇതോടെ മണിക്കൂറുകളോളം വെെദ്യുതി മുടങ്ങി. വെള്ളയമ്പലം ജലഅതോറിട്ടിക്ക് സമീപമുള്ള കൊവിഡ് ഫസ്റ്റ് ലെെൻ ട്രീറ്റ്മെന്റ് സെന്ററിന് സമീപവും മരം വീണ് ഗതാഗതം തടസപ്പെട്ടു. കരമനയിൽ വെെദ്യുത ലെെനിന് മുകളിൽ മരം വീണത് പ്രദേശത്ത് വെെദ്യുതി വിതരണം താറുമാറാക്കി. ഫയർഫോഴ്സ് അധികൃതർ മണിക്കൂറുകൾ പണിപ്പെട്ടാണ് മരങ്ങൾ നീക്കം ചെയ്‌തത്. തിരുവനന്തപുരം താലൂക്കിൽ നാലു വീടുകൾ ഭാഗികമായി തകർന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വർക്കല, നെടുമങ്ങാട്, നെയ്യാറ്റിൻകര മേഖലകളിൽ നിരവധി വീടുകൾ കേടുപാടുകൾ സംഭവിച്ചെന്നും വിവരമുണ്ട്.

വർക്കലയിൽ വ്യാപക നാശം

പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നാലു വീടുകൾ ഭാഗികമായി തകർന്നു. ചിലക്കൂർ വള്ളക്കടവ് കടയിൽ കുടിവീട്ടിൽ അസൂറയുടെ വീട്, ഇടവ തോട്ടുമുഖം ചരുവിള വീട്ടിൽ പ്രസന്നയുടെ വീട്, ഇടവ ലിസി ഭവനിൽ ഗോമതിയുടെ വീട്, മണമ്പൂർ കാട്ടിൽ പുത്തൻവീട്ടിൽ ജയകുമാറിന്റെ വീട് എന്നിവയാണ് ഭാഗികമായി തകർന്നത്.ചെമ്മരുതി മുട്ടപ്പലം ചിറയിൽ കിഴക്കതിൽ സുനിൽകുമാറിന്റെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു. മേഖലയിൽ കടൽക്ഷോഭവും രൂക്ഷമാണ്.