തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ശിവശങ്കർ സ്വർണ്ണക്കടത്ത് കേസ് പ്രതിയുമായി ബന്ധം സ്ഥാപിച്ചതടക്കമുള്ള ഇടപാടുകൾ ആർക്കും മനസിലാക്കാനായില്ലെന്ന് കോടിയേരി പറഞ്ഞു.എല്ലാ കാര്യങ്ങളും കണ്ടെത്താൻ ശ്രമിക്കുന്ന മാദ്ധ്യമങ്ങൾക്കും കണ്ടെത്താനായില്ലല്ലോ.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി സംസ്ഥാനകമ്മിറ്റിയംഗമുണ്ടെന്നതുകൊണ്ട് അദ്ദേഹത്തിനെല്ലാം കണ്ടെത്താനാവണമെന്നില്ല. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇപ്പോൾ ഓഫീസിലുള്ള ആർക്കെതിരെയും ആരോപണമില്ല. ഉദ്യോഗസ്ഥരെ സാധാരണനിലയ്ക്ക് അവിശ്വസിക്കേണ്ട കാര്യമുണ്ടാകാറില്ല. ശിവശങ്കറിന്റെ കാര്യത്തിലും അങ്ങനെയേ ഉണ്ടായിട്ടുള്ളൂ..
തുടർഭരണം ഇല്ലാതാവില്ല
സർക്കാരിന് തുടർഭരണം ഇല്ലാതാവില്ല. ഇപ്പോഴത്തെ പ്രശ്നത്തെ അടിസ്ഥാനമാക്കിയല്ല അത് തീരുമാനിക്കപ്പെടുന്നത്. സ്വർണക്കടത്ത് കേസിൽ കോടതിയിൽ എൻ.ഐ.എ കൊടുത്ത റിപ്പോർട്ട് മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്ന വിവരമുണ്ട്. കേസന്വേഷണം പൂർത്തിയാകുമ്പോൾ യു.ഡി.എഫിനും ബി.ജെ.പിക്കുമായിരിക്കും ബൂമറാങാവുക. കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട സി.പി.എം പ്രവർത്തകരെ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ യഥാർത്ഥ പ്രതികളാരെന്ന് കണ്ടെത്തേണ്ടത് പൊലീസാണ്. പാലത്തായി കേസിൽ പ്രതിസ്ഥാനത്തുള്ള ആർക്കും സംരക്ഷണം കിട്ടില്ല.
പി.എസ്.സി റാങ്ക് പട്ടികയിലുൾപ്പെട്ടവർക്കെല്ലാം നിയമനം കിട്ടാത്ത സ്ഥിതിയിൽ മാറ്റം വരുത്താനെന്ത് ചെയ്യണമെന്നത് പി.എസ്.സിയും സർക്കാരും ആലോചിക്കേണ്ടതാണ്.. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 1.10ലക്ഷം പേർക്ക് നിയമനം നൽകിയെങ്കിൽ, എൽ.ഡി.എഫ് സർക്കാർ ഇതുവരെ നൽകിയത് 1.42ലക്ഷം പേർക്കാണ് കേരള പൊലീസിലിപ്പോൾ സീറോ വേക്കൻസിയാണ്. . നീട്ടുകയാണെങ്കിൽ എല്ലാ റാങ്ക് പട്ടികകളും നീട്ടണം. . കോടതി നിലപാട് അറിയാവുന്നതിനാലാണ് റാങ്ക് ജേതാക്കളാരും ഹൈക്കോടതിയെ സമീപിക്കാത്തത്- കോടിയേരി പറഞ്ഞു.
ആർ.എസ്.എസ് മുൻ നേതാവ് ചെന്നിത്തലയുടെ സെക്യൂരിറ്റി ഓഫീസർ: കോടിയേരി
തിരുവനന്തപുരം: ആർ.എസ്.എസിന്റെ ജില്ലാ ശാരീരിക് പ്രമുഖായിരുന്നയാളെ തെരഞ്ഞുപിടിച്ച് സ്വന്തം പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. . കോൺഗ്രസിനകത്ത് നിന്നുകൊണ്ട് ആർ.എസ്.എസിന് വേണ്ടി പ്രവർത്തിക്കുന്ന നേതാവ് വേണോയെന്ന് കോൺഗ്രസ് അണികൾ തീരുമാനിക്കട്ടെ.പ്രതിപക്ഷനേതാവിനെ ആർ.എസ്.എസ് സർസംഘചാലകെന്ന് താൻ വിശേഷിപ്പിച്ചത് അധിക്ഷേപിക്കാനുദ്ദേശിച്ചല്ല. അദ്ദേഹം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളെയാണ് വിമർശിക്കുന്നത്. ഉമ്മൻ ചാണ്ടിയെ മാറ്റി പ്രതിപക്ഷനേതാവാക്കിയ ചെന്നിത്തലയുടെ അഭിപ്രായമാണ് പ്രതിപക്ഷത്തിന്റെ ശബ്ദമായി പരിഗണിക്കപ്പെടുന്നത്. അങ്ങനെയൊരു നേതാവ് ബി.ജെ.പി അനുകൂല നിലപാടെടുത്താലത് തുറന്ന് കാട്ടേണ്ടതുണ്ട്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് പൊലീസിൽ നിയമനം കിട്ടിയ ആർ.എസ്.എസ് പ്രവർത്തകന് കേസ് തടസ്സമായതിനാൽ ചെന്നിത്തല പിൻവലിച്ചുകൊടുത്തു. ആഭ്യന്തരമന്ത്രിയായിരിക്കെ ,ആർ.എസ്.എസുകാരൻ കൊല്ലപ്പെട്ട കേസിൽ സി.പി.എം പ്രവർത്തകരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചു. രണ്ട് സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയെങ്കിലും ,ആർ.എസ്.എസ് സമ്മർദ്ദഫലമായി പിൻവലിച്ചു. . ഭാവി ലക്ഷ്യമിട്ടുള്ള ഒത്തുകളിയാണിത്. മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ , കമൽനാഥുമാരും ദ്വിഗ്വിജയ് സിംഗുമാരും ,നാളെ കേരളത്തിലും വരില്ലെന്ന് കരുതേണ്ട. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ ആർ.എസ്.എസ് പരിശീലനക്യാമ്പുകളിൽ പങ്കെടുത്തുവെന്ന് എസ്. രാമചന്ദ്രൻ പിള്ള വിശദമാക്കിയിട്ടുണ്ട്. ആർ.എസ്.എസിന്റെ നയം തെറ്റാണെന്ന് മനസ്സിലാക്കി കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിയ അദ്ദേഹം ആറ് പതിറ്റാണ്ടിലധികമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുകൊണ്ട് അദ്ദേഹം ആർ.എസ്.എസ് അനുകൂല നിലപാടെടുത്തുവെന്ന് ആക്ഷേപമുണ്ടോ? . മറ്റ് പല പാർട്ടികളിലുമുള്ളവർ തെറ്റ് തിരിച്ചറിഞ്ഞെത്തിയതിനാലാണ് സി.പി.എം ഏറ്റവും വലിയ ബഹുജന പിന്തുണയുള്ള പാർട്ടിയായത്. സ്വർണ്ണക്കടത്ത് കേസന്വേഷണത്തിൽ സി.പി.എം- ബി.ജെ.പി ധാരണയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന നട്ടാൽ കുരുക്കാത്ത നുണയാണ്. 1984ൽ കണ്ണൂരിൽ നിന്ന് മുല്ലപ്പള്ളി ആദ്യമായി പാർലമെന്റിലേക്ക് മത്സരിച്ചപ്പോൾ ആർ.എസ്.എസ് മുല്ലപ്പള്ളിക്കെതിരെ സ്ഥാനാർത്ഥിയെ നിറുത്തിയില്ല. പിണറായി വിജയൻ 77ൽ കൂത്തുപറമ്പിൽ നിന്ന് ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ചുവെന്നത് പഴകിപ്പുളിച്ച ആരോപണമാണ്. 77ൽ ജനതാപാർട്ടിയാണ് ഇടതുപക്ഷവുമായി ധാരണയുണ്ടാക്കിയത്. ജനതാപാർട്ടിയിൽ ആർ.എസ്.എസുകാരുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ 79ലെ തലശ്ശേരി ഉപതിരഞ്ഞെടുപ്പിൽ ആർ.എസ്.എസ് വോട്ട് വേണ്ടെന്ന് ഇ.എം.എസ് പരസ്യമായി പ്രഖ്യാപിച്ചു. ഒരു ഘട്ടത്തിലും തങ്ങൾക്ക് ആർ.എസ്.എസ് ബന്ധമുണ്ടായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.