വക്കം: വക്കത്തെ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററിലെ ഹാളിൽ മഴവെള്ളം കയറി. ഹാളിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളെ അടിയന്തരമായി മറ്റിടങ്ങളിലേക്ക് മാറ്റി. വക്കം ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന 50 രോഗികളെയാണ് ഹാളിൽ മഴവെള്ളം കയറിയതിനെ തുടർന്ന് ശനിയാഴ്ച രാത്രി മറ്റിടങ്ങളിലേക്ക് മാറ്റിയത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ സജീകരിച്ചിരുന്ന ഹാളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളം ഇരച്ചു കയറിയത്. മഴ തുടരുന്നതിനാൽ ഹാളിൽ വെള്ളവും കയറിക്കൊണ്ടിരുന്നു. നില വഷളാകുമെന്ന് കണ്ടെതിനെ തുടർന്ന് വക്കം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ബിഷ്ണു ജില്ലാതല ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടതിന് ശേഷം രോഗികളെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നിരവധി ആoബുലൻസുകളിലായി 20 രോഗികളെ തൊട്ടടുത്ത അകത്ത്മുറി എസ്.ആർ. മെഡിക്കൽ കോളേജിലേയ്ക്കും, ബാക്കിയുള്ള 30 പേരെ തിരുവനന്തപുരത്തെ ഫസ്റ്റ് ലെവൽ സെന്ററിലേയ്ക്കും മാറ്റുകയായിരുന്നു. മഴവെള്ളം തീർന്ന ശേഷം ഹാൾ അണു വിമുക്തമാക്കിക്കഴിഞ്ഞാൽ രോഗികളെ വീണ്ടും പ്രവേശിപ്പിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ബിഷ്ണു പറഞ്ഞു.