കല്ലമ്പലം: ആറ്റിങ്ങൽ കല്ലമ്പലം ദേശീയ പാതയോരങ്ങൾക്ക് സമീപം നിൽക്കുന്ന തണൽമരങ്ങൾ നിരന്തരം അപകടം വിതയ്ക്കുമ്പോഴും അധികൃതർക്ക് അനക്കമില്ല. ഏതു സമയവും നിലം പൊത്താറായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും മരങ്ങൾ മുറിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ കടുത്ത അനാസ്ഥയാണ് ഇപ്പോഴും പഞ്ചായത്തുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ദേശീയ പാത കടന്നുപോകുന്ന ഭാഗങ്ങളിൽ മരം ഒടിഞ്ഞുവീണുണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒട്ടേറെ കടകൾ സ്ഥിതി ചെയ്യുന്നതുമായ കല്ലമ്പലം ജംഗ്ഷനിൽ പെട്രോൾ പമ്പിനു സമീപം നാറാണത്തു ചിറയിലേക്ക് തിരിയുന്ന ഭാഗത്തുള്ള തണൽ മരം അപകടാവസ്ഥയിലായിട്ട് നാളുകൾ ഏറെയായി. മരത്തിന്റെ ശിഖരങ്ങൾ തന്നെ മുറിച്ചുമാറ്റാൻ അധികൃതർ കൂട്ടാക്കുന്നില്ല. ഈ മരത്തിന്റെ വേരുകൾ ഏതാണ്ട് മണ്ണിൽ നിന്നും ഇളകിയ നിലയിലാണ്. ദിവസംതോറും ചാഞ്ഞുകൊണ്ടിരിക്കുന്ന മരം ഏത് സമയവും കട പുഴകി വീഴാം. മരത്തിനു സമീപത്തുകൂടെ ധാരാളം വൈദ്യുതി ലൈനുകളും കടന്നു പോകുന്നുണ്ട്.
കല്ലമ്പലം ആറ്റിങ്ങൽ റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം യു ഷേപ്പിൽ വളഞ്ഞു നിൽക്കുന്ന മരത്തിന്റെ ശിഖിരത്തിൽ തലയിടിച്ച് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 11 ഓളം പേർക്ക് പരിക്കേറ്റു. റോഡുകളിൽ മരങ്ങൾ കടപുഴകി വീഴുന്നതോടെ മണിക്കൂറുകളോളം ഗതാഗതം തടസമാകുന്നു. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാഹിത സർവീസുകൾക്ക് റോഡിൽ കുരുങ്ങിക്കിടക്കേണ്ടിയും വരുന്നു. കൂടാതെ രാത്രികാലങ്ങളിൽ വൈദ്യുതി കമ്പികൾക്ക് മുകളിലൂടെ ശിഖരങ്ങൾ ഒടിഞ്ഞുവീഴുന്നതിലൂടെ വൈദ്യുത ബന്ധം മണിക്കൂറുകളോളം നിലയ്ക്കുന്നു. രാത്രിയിൽ വൈദ്യുത കമ്പികൾ പൊട്ടിവീഴുന്നത് രാവിലെ പത്രം, പാൽ, മത്സ്യ വിതരണത്തിന് പോകുന്നവർക്കും ഭീഷണിയാകുന്നു. മണമ്പൂർ, ചെമ്മരുതി, നാവായിക്കുളം,കപ്പാംവിള, മരുതിക്കുന്ന്, സമിയാർകുന്ന് കെ.ടി.സി.ടി കോളേജ് ജംഗ്ഷൻ, ക്ലാവറ തുടങ്ങിയ ഭാഗങ്ങളിൽ റോഡരികിൽ അപകടകരമായ രീതിയിലാണ് മരങ്ങൾ നിൽക്കുന്നത്. മേഖലകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ഏകദേശ പഴക്കം 100 മുതൽ 150 വർഷം വരെയാണ്. റോഡരികിൽ നിൽക്കുന്ന മരങ്ങൾ കാൽനടക്കാരുടെയും വാഹനങ്ങളുടെയും മുകളിലൂടെ വീണപകടങ്ങൾ പതിവായിട്ടും അതിന്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നതിനോ മരങ്ങൾ മുറിച്ചു മാറ്റുന്നതിനോ ഇനിയും നടപടിയുണ്ടായിട്ടില്ല.കാലപ്പഴക്കം മൂലം ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ് മരങ്ങൾ. അരനൂറ്റാണ്ടോളം പഴക്കമുള്ള അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.