തിരുവനന്തപുരം: ശ്രീപദ്‌മനാഭ സ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരുടെ തടസപ്പെട്ട ചാതുർമാസ്യ വ്രതം ഇന്ന് പുനരാരംഭിക്കും. രാവിലെ ആറിന് ചടങ്ങുകൾ നടക്കും. ഏകാത്മനാ സന്യാസ മഹാമണ്ഡലിന്റെയും ഹിന്ദു മഹാസഭയുടെയും സംയുക്ത ശ്രമദാന സമർപ്പണമായാണിത് നടത്തുന്നത്. പുഷ്പാഞ്ജലി സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദതീർത്ഥയുടെ ആചാരപ്രകാരമുള്ള വ്രതം ഗുരുപൂർണിമ ദിനമായ ജൂലായ് അഞ്ചിന് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ആരംഭിച്ചിരുന്നു. പിന്നീട് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ ചടങ്ങുകൾക്കെത്തിയ സ്വാമിയാരെ ക്ഷേത്രത്തിന് സമീപത്തെ മുഞ്ചിറ മഠത്തിന്റെ സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു വിഭാഗം തടഞ്ഞിരുന്നു. കഴിഞ്ഞ വർഷവും സമാനമായ തർക്കവും തുടർന്ന് സ്വാമിയാരുടെ നിരാഹാരം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു. വ്രതം മുടങ്ങിയതിനെ തുടർന്ന് അന്ന് ഹൈക്കോടതിയിൽ കേസും നൽകിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണത്തിലാണ് മിത്രാനന്ദപുരത്ത് തന്നെ കുളിക്കടവിൽ തിങ്കളാഴ്ച വ്രതാരംഭം നടക്കുന്നത്. ഭക്തജനങ്ങൾക്ക് കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് ചടങ്ങിൽ പങ്കെടുക്കാമെന്ന് മുഞ്ചിറ മഠം മാനേജർ അറിയിച്ചു.