pad

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അടക്കമുള്ള പ്രധാനക്ഷേത്രങ്ങളിൽ നിറപുത്തരി ചടങ്ങുകൾ നടന്നു. മാസങ്ങളായി ഭക്തർക്ക് പ്രവേശനം അനുവദിക്കാത്ത ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങളോടെയായിരുന്നു ആഘോഷം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ആചാരലോപമുണ്ടാകാതെ നിറപുത്തരിയുടെ ചടങ്ങുകൾ പൂർത്തീകരിച്ചതായി ക്ഷേത്രം അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ 5.30നും 6.20നും ഇടയ്ക്കായിരുന്നു നിറപുത്തരി നിശ്ചയിച്ചിരുന്നത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിയമസഭാ സമുച്ചയത്തിൽ വിളയിച്ച നെൽക്കതിരും കാർഷിക കർമസേന വിളയിച്ച കതിരുകളും നേരത്തെയെത്തിച്ചിരുന്നു. ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ നിന്നു പൂജിച്ച കറ്റകൾ അഭിശ്രവണ മണ്ഡപത്തിലേക്കും അവിടെ നിന്ന് ശ്രീകോവിലിലേക്കും പെരിയനമ്പി എടപാടി രാധാകൃഷ്ണൻ രവിപ്രസാദ് എഴുന്നെള്ളിച്ചു. ഇവ പിന്നീട് തെക്കേടത്തും തിരുവമ്പാടിയിലുമെത്തിച്ച് നിറപുത്തരി നടത്തി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ, മാനേജർ ബി.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. ആറ്റുകാൽ ക്ഷേത്രത്തിൽ മേൽശാന്തി ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന നിറപുത്തരി ചടങ്ങിന് ശേഷം പൂജിച്ച കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു.
ദേവസ്വം ബോർഡിന് കീഴിലുള്ള നെയ്യാറ്റിൻകര, വർക്കല, ചിറയിൻകീഴ്, തിരുവനന്തപുരം ഗ്രൂപ്പുകളിലെ എല്ലാ ക്ഷേത്രങ്ങളിലും നിറപുത്തരി കൊവിഡ് മാനദണ്ഡം പാലിച്ച് പൂജാരിമാരും ഉദ്യോഗസ്ഥരും മാത്രമായി നടത്തി. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ കൃഷിവകുപ്പിന്റെ ഫാമുകളിൽ നിന്നാണ് കതിർക്കറ്റകളെത്തിച്ചത്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, കഴക്കൂട്ടം മഹാദേവക്ഷേത്രം, പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാളയം ഹനുമാൻസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നിറപുത്തരി ചടങ്ങ് പുറത്ത് നിന്ന് കാണാനും പിന്നീട് പ്രസാദമായി കതിരുകൾ വാങ്ങാനും ഭക്തജനത്തിരക്ക് ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന നെൽക്കതിർ വീടുകളിലെ പൂജാമുറിയിൽ ഒരു വർഷം സൂക്ഷിക്കുന്നത് ഐശ്വര്യദായകമെന്നാണ് വിശ്വാസം. മലയാള ആചാരമുള്ള കന്യാകുമാരി ജില്ലയിലെ തമിഴ്നാട് ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലും ഇന്നലെ നിറപുത്തരി നടന്നു.