rebuild-kerala

തിരുവനന്തപുരം: 2018ലെ പ്രളയത്തെ തുടർന്ന് ആരംഭിച്ച റീബിൽഡ് കേരള വികസന പദ്ധതി ഇപ്പോഴും തുടങ്ങിയടത്തു തന്നെ. ലോകബാങ്കിന്റെയും യു.എന്നിന്റെയും സഹായത്തോടെ നവകേരള സൃഷ്ടിക്കായി നിർമ്മാണ പ്രവർത്തനങ്ങളിൽ സമഗ്രമാറ്റമായിരുന്നു ലക്ഷ്യം. എന്നാൽ സർക്കാർ ഉത്തരവ് പോലുമാകാതെ ഇതെല്ലാം കടലാസിൽ കിടക്കുന്നു. അഡി.ചീഫ് സെക്രട്ടറി ഡോ.വി.വേണുവിൽ നിന്ന് ചുമതല മാറ്രിയതിന് ശേഷം റീബിൽഡ് കേരളയിൽ ഒന്നും നടന്നില്ല.

പശ്ചാത്തല വികസനത്തിൽ ഉയർന്ന നിലവാരവും ജനങ്ങളുടെ ജീവിതത്തിലും ഉപജീവനത്തിലും ഗുണപരമായ മാറ്രവും റീബിൽ‌ഡ് കേരളയുടെ ലക്ഷ്യമായിരുന്നു. പ്രകൃതി ദുരന്ത കാരണങ്ങൾ വിശകലനം ചെയ്‌ത പദ്ധതി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാൻ നിരവധി നിർദ്ദേശങ്ങൾ വച്ചിരുന്നു. പ്രളയം ആവർത്തിച്ചാൽ അതിജീവിക്കാൻ പാരിസ്ഥിതികവും സാങ്കേതികവുമായ സുരക്ഷയും മുന്നോട്ട് വച്ചു.

ഇൻഷ്വറൻസ് പരിരക്ഷ

ദുരന്തത്തിൽ എല്ലാം നഷ്ടപ്പെടുന്നവർക്ക് അല്പം ആശ്വാസം ഇൻഷ്വറൻസ് തുകയാണ്. 2018-19ലെ പ്രളയത്തിൽ കേരളത്തിന്റെ നഷ്ടം 26,​718 കോടി രൂപയാണ്. 90 ശതമാനം നഷ്ടവും സ്വകാര്യ വ്യക്തികൾക്കായിരുന്നു. ഇതിൽ ഇൻഷ്വറൻസ് പരിരക്ഷ 1050 കോടി മാത്രം. ആകെ നഷ്ടത്തിന്റെ നാല് ശതമാനത്തിൽ താഴെ മാത്രം. ഇതിൽ തന്നെ 90 ശതമാനവും വൻകിടക്കാരുടെതാണ്. കൃഷി,​ ടൂറിസം,​ ചെറുകിട വ്യവസായം എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം. കൃഷിസ്ഥലം ഇൻഷ്വർ ചെയ്യുന്നതിലും കേരളം പിറകിലാണ്. ദേശീയ തലത്തിൽ 22 ശതമാനം പേർ കൃഷി ഇൻഷ്വർ ചെയ്യുമ്പോൾ കേരളത്തിൽ ഇത് 2 ശതമാനം മാത്രം. ഇൻഷ്വറൻസ് പരിരക്ഷ വർദ്ധിപ്പിക്കുകയും റീബിൽഡ് കേരളയുടെ ലക്ഷ്യമായിരുന്നു. ഇതൊന്നും തുടങ്ങിയതേയില്ല.