cyc

മുടപുരം: ചിറയിൻകീഴ് - പെരുങ്ങുഴി റോഡിൽ അഴൂർ മാർക്കറ്റിനും സി.വൈ.സി ജംഗ്‌ഷനും മദ്ധ്യേ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് വാഹന കാൽനട യാത്രക്കാർക്ക് അപകടക്കെണിയാകുന്നു .മഴ ഒന്ന് പെയ്താൽ മണിക്കൂറുകളോളം റോഡ് നിറയെ ഇവിടെ വെള്ളം കെട്ടി നിൽക്കും. ഈ സമയം വലിയ വാഹനങ്ങൾ വന്നാൽ ഇരുചക്ര വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്.

വലിയ വാഹനങ്ങൾ വെള്ളക്കെട്ടിൽ കയറി വെള്ളം ശക്തിയായി തെറിപ്പിച്ചുകൊണ്ടു കടന്നു വരുമ്പോൾ എതിരെ വരുന്ന വാഹനത്തിന് ബ്രേക്ക് ചെയ്യാനോ മാറ്റിനിറുത്താനോ കഴിയാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനത്തിലെ യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. ചിലപ്പോൾ തെന്നി വീണ് അപകടം സംഭവിക്കുകയും ചെയ്യും. ഇങ്ങനെ പലർക്കും അപകടം സംഭവിച്ചിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് പുതുക്കിപ്പണിത പി.ഡബ്ലിയു.ഡി റോഡിലാണ് അപകടം വരുത്താൻ വെള്ളം കെട്ടിനിൽക്കുന്നത്. അശാസ്ത്രീയമായ റോഡ് പണിയാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമായത്. വെള്ളം ഒഴുകിപോകാൻ ഓടയുമില്ല. ഇവിടെ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ അധികൃതർ സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.