നെയ്യാറ്റിൻകര : സമപ്രായക്കാർ ഓടിക്കളിച്ചു നടക്കുമ്പോൾ ഓലത്താന്നി വാഴവിള എസ്.എസ് ഭവനിൽ രാഹിൽ എന്ന ആറാം ക്ലാസുകാരൻ കൈയിൽ ഒരു കത്തീറ്ററും പിടിച്ചാണ് നടത്തം. കരളിന്റെ രോഗാവസ്ഥ കാരണം രണ്ട്‍ വയസ് മുതൽ കാത്സ്യം അടിഞ്ഞു കൂടി വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്ന അപൂർവ രോഗമാണ് രാഹിലിനെ ഈ കുരുന്നു പ്രായത്തിലേ നിത്യരോഗിയാക്കി മാറ്റിയത്. മിക്കപ്പോഴും ആശുപത്രിയിൽ കഴിയേണ്ട ദുരവസ്ഥയിലാണ് രാഹിൽ. മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റിയിലെ ചികിത്സകളെ തുടർന്ന് ഇപ്പോൾ കരൾ മാറ്റി വയ്ക്കാനായി എറണാകുളം അമൃതയിൽ ചികിത്സയിലാണ്. ഇതിനോടകം ഈ പിഞ്ചു ശരീരം 9 ഓപ്പറേഷന് വിധേയമായിക്കഴിഞ്ഞു. ഓപ്പറേഷൻ ചെയ്തെടുത്ത കല്ലുകളുടെ വലിപ്പം ഞെട്ടലുണ്ടാക്കുന്നതാണ്. മുപ്പത് ലക്ഷത്തോളം രൂപ ചികിത്സയ്ക്ക് ആവശ്യമുണ്ട്. നാട്ടുകാർ ചേർന്ന് ഒരു ചികിത്സാ സഹായ സമിതി രൂപീകരിച്ചെങ്കിലും കൊവിഡ് സാഹചര്യത്തിൽ മുന്നോട്ട് പോകാനായില്ല. കാഴ്ച ഏതാണ്ട് പൂർണമായും നഷ്ടപെട്ട പിതാവ് സുരേന്ദ്രനും ആശാ വർക്കറായ അമ്മ ഷീലയ്ക്കും ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. രാഹിലിന്റെ ചികിത്സാ ചെലവിനായി ബാങ്കിൽ നിന്ന് ലോൺ എടുത്തതിനാൽ ഈ കുടുംബത്തിന് ആകെയുള്ള 7 സെന്റ് വസ്തുവും വീടും ജപ്തിയുടെ വക്കിലാണ്. സുമനസുകൾ കഴിയുന്ന സഹായം നൽകി ഈ കുടുംബത്തെ സഹായിക്കണമെന്ന ആഭ്യർത്ഥനുമായി കെ. ആൻസലൻ എം.എൽ.എയും രംഗത്തുണ്ട്.
അക്കൗണ്ട് നമ്പർ : 40322200003259
ഐ.എഫ്.എസ് കോഡ് : SYNB0004032