നാഗർകോവിൽ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ഞായറാഴ്ച്ച ലോക്ക് ഡൗണിൽ അവശ്യ സർവീസുകൾ ഒഴികെ മറ്റ് വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. ജനങ്ങൾ സർക്കാരിന്റെ നിർദ്ദേശപ്രകാരം വീട്ടിൽ തന്നെ കഴിച്ച് കൂട്ടി. കച്ചവട സ്ഥാപനങ്ങളും,പെട്രോൾ പമ്പുകളും അടഞ്ഞു കിടന്നു. അതിർത്തി, നഗരങ്ങൾ ഉൾപ്പടെ ജില്ലയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും പൊലീസ് ശക്തമായ പരിശോധന നടത്തിയിരുന്നു. അനാവശ്യമായി പുറത്ത് ഇറങ്ങിയവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പാൽ, പത്രം, ആശുപത്രി, ലാബ്‌ തുടങ്ങിയവ പ്രവർത്തിക്കുന്നതിൽ തടസമുണ്ടായിരുന്നില്ല. ഹോട്ടലുകളും അടഞ്ഞ് കിടന്നു. ആശുപത്രി, മരണാനന്തര ചടങ്ങ് എന്നിവയ്ക്ക് പോകാൻ വാഹനങ്ങൾക്ക് അനുമതി നൽകിയിരുന്നു. വരുന്ന ആഗസ്റ്റ് 16, 23, 30 എന്നീ ഞായറാഴ്ചകളിലും സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കും.