തിരുവനന്തപുരം: പുല്ലുവിളയിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ നടന്ന അക്രമത്തിൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തെ ശക്തമായി അപലപിച്ച കളക്ടർ, അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം നൽകി. പുല്ലുവിള നിവാസികൾ ഉന്നയിക്കുന്ന ന്യായമായ കാര്യങ്ങളിൽ ഇടപെടാനും പരിഹരിക്കാനും ജില്ലാ ഭരണകൂടം തയ്യാറാണെന്നും കളക്ടർ വ്യക്തമാക്കി. സർക്കാർ നടപടികളോട് മേഖലയിലെ ജനങ്ങൾ പൂർണമായി സഹകരിക്കുന്നുണ്ട്. അടുത്തിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളിൽ ഉത്തരവാദികളായ ചിലർ പ്രദേശവാസികളായ മറ്റുള്ളവരുടെ ആത്മാഭിമാനത്തിനു ക്ഷതമേല്പിക്കുകയാണ്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാഭരണകൂടം ശ്രദ്ധവയ്ക്കുമെന്നും കളക്ടർ പറഞ്ഞു. പുല്ലുവിളയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ യോഗം വിളിക്കാൻ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയെന്നും കളക്ടർ പറഞ്ഞു.