തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കണമെന്നതിൽ ആർക്കും സംശയമൊന്നുമില്ല. എന്നാൽ അത് അശാസ്ത്രീയമാകുന്നുവെന്നാരോപിച്ച് ജില്ലയിൽ പലയിടത്തും എതിർപ്പ് ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ മാതൃകയാകുകയാണ് കരമന നിവാസികൾ. ജനപങ്കാളിത്തത്തോടെ ജനതാ കണ്ടെയ്ൻമെന്റ് സോൺ സ്വയം നടപ്പാക്കിയിരിക്കുകയാണ് ഇവർ. കരമന എസ്.എസ് സ്ട്രീറ്റിൽ ആറ് കൊവിഡ് പോസിറ്റീവ് കേസുകൾ കഴിഞ്ഞ രണ്ടു ദിവസത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പൂർണമായും അടച്ചിട്ടത്. കൗൺസിലർ കരമന അജിത്തിന്റെ നേതൃത്വത്തിൽ എസ്.എസ് സ്ട്രീറ്റ് റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെയും പൊലീസിന്റെ അനുവാദത്തോടെയും സ്ട്രീറ്റ് ഏഴു ദിവസത്തേക്ക് ജനതാ കണ്ടെയ്ൻമെന്റ് സോണാക്കി. തദ്ദേശവാസികൾക്ക് രാവിലെ എട്ടു മുതൽ ഒൻപത് വരെയും, വൈകിട്ട് ആറ് മുതൽ ഏഴ് വരെയും അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കി. പലവ്യഞ്ജന സാധനങ്ങൾ വീട്ടിലെത്തിക്കാൻ തൊട്ടടുത്ത മാർജിൻഫ്രീ ഷോപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.