തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മറികടക്കാൻ ആരോഗ്യ പ്രവർത്തകർ ഒന്നടങ്കം നടത്തുന്ന പരിശ്രമങ്ങൾ ലക്ഷ്യത്തിലേക്ക് അടുക്കുമ്പോഴും അവരുടെ മനോവീര്യം തകർക്കുന്ന പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. യഥാർത്ഥ വസ്‌തുതയെന്തെന്ന് അറിയാൻ ശ്രമിക്കാതെ ഏകപക്ഷീയമായി വാർത്തകൾ നൽകരുതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് പറഞ്ഞു. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചെന്നും അത് ചികിത്സയെ ബാധിക്കുമെന്നുമുള്ള പ്രചാരണം കഴിഞ്ഞ ദിവസമുണ്ടായി. ആശുപത്രിയിൽ രോഗികളെ പരിചരിക്കുന്നവർ ക്വാറന്റൈനിൽ പോകുന്നത് ഇക്കാലയളവിൽ പതിവാണ്. അവരിൽ ചിലർക്ക് പരിശോധനാ ഫലം പോസിറ്റീവായിട്ടുമുണ്ട്. എന്നാൽ കൃത്യമായ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ആശുപത്രിയുടെ പ്രവർത്തനം. റേഡിയോളജി വിഭാഗത്തിൽ പോസിറ്റീവായവർ ഉൾപ്പെടെയുള്ളവർ രോഗമുക്തി നേടി തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങി. ഒരു രോഗിക്കു പോലും ഇവിടെ നിന്ന് രോഗം പകർന്നിട്ടുമില്ല. യാതൊരു ആശങ്കയുമില്ലാത്തവിധം തന്നെയാണ് രോഗനിർണയം നടത്തി രോഗികളെ വിടുന്നതെന്ന് റേഡിയോളജി വിഭാഗം മേധാവി ഡോ. ജയശ്രീയും വ്യക്തമാക്കി.