തിരുവനന്തപുരം: കടുത്ത കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സംഘർഷമുണ്ടായ പുല്ലുവിളയിൽ ഇന്നലെ സ്ഥിതി ശാന്തമായി. പ്രദേശവാസികൾ ആവശ്യപ്പെട്ട ഇളവുകൾ ഭാഗികമായി ലഭിച്ചുതുടങ്ങി. കടകളുടെ പ്രവർത്തനസമയം നീട്ടിയത് ആശ്വാസമായി
ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണിൽ നിന്ന് പുല്ലുവിളയെ ഒഴിവാക്കുക, ലോക്ക് ഡൗൺ മൂലം ദൂരെ സ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങൾ തിരികെ കൊണ്ടുവരാൻ അനുവദിക്കുക, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിപ്പിക്കുക, ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ ഒഴികെയുള്ള കടകൾ മൂന്നിലൊന്നു ജീവനക്കാരുമായി പ്രവർത്തിക്കുക എന്നീ ആവശ്യങ്ങളായിരുന്നു പ്രദേശവാസികൾ ഉന്നയിച്ചത്. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കുക എന്ന ആവശ്യമൊഴിച്ചുള്ള ഇളവുകളാണ് ലഭിച്ചത്. മത്സ്യബന്ധനത്തിന് അനുമതി നൽകിയെങ്കിലും കാലാവസ്ഥ കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിട്ടി മത്സ്യബന്ധനം ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുള്ളതിനാൽ പ്രദേശവാസികളിൽ ആശയക്കുഴപ്പമുണ്ട്. ഡെപ്യൂട്ടി കളക്ടർ മത്സ്യബന്ധനത്തിന് പോകാൻ അനുവദിക്കുകയും പോകരുതെന്ന് സർക്കാർ മുന്നറിയിപ്പ് നിലനിൽക്കുകയും ചെയ്യുമ്പോൾ എന്തുചെയ്യണമെന്ന ആശങ്കയിലാണ് ഇവർ.