jayakumarinte-veedu

കല്ലമ്പലം: കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മേഖലയിൽ വ്യാപക നാശം. താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും മതിലുകൾ, കുളിമുറികൾ തുടങ്ങിയവും തകർന്നു. ഒറ്റൂരിൽ കനത്ത മഴയിൽ വീട് തകർന്നു. ഒറ്റൂർ ഞായലിൽ കാട്ടിൽ പുത്തൻ വീട്ടിൽ ജയകുമാറിന്റെ വീടാണ് പൂർണമായും തകർന്നത്. മണബൂർ പഞ്ചായത്തിൽ പെരുംകുളം, മാടപ്പള്ളിക്കോണം ആദി ആലയത്തിൽ ഷിബു - ബിജി ദമ്പതികളുടെ വീടിന്റെ കിണർ, ടൊയ്‌ലെറ്റ്, കുളിമുറി എന്നിവ മണ്ണും മരങ്ങളും ഇടിഞ്ഞ് വീണ് തകർന്നു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ സമീപത്ത് നിന്നിരുന്ന മരം കടപുഴകി വീഴുകയായിരുന്നു. മരച്ചില്ലകൾ തട്ടി വീടും ഭാഗികമായി തകർന്നു. അൻപത് അടിയോളം ആഴമുള്ള കിണർ മണ്ണ് മൂടിയ അവസ്ഥയിലാണ്.

നാവായിക്കുളം, കരവാരം പഞ്ചായത്തുകളിലും മഴക്കെടുതികൾ രൂക്ഷമാണ്. വിളവെടുക്കാറായ വാഴകൾ വ്യാപമായി കാറ്റിൽ ഒടിഞ്ഞു വീണു. താഴ്ന്ന പ്രദേശങ്ങളിലെ കാർഷിക വിളകൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മരച്ചില്ലകൾ വീണ് വൈദ്യുതബന്ധം തകരാറിലായി .