കള്ളിക്കാട്: കള്ളിക്കാട് തേവൻകോട്ട്, പുരയിടത്തിൽ സെപ്റ്റിക്ക് ടാങ്കിനായി കുത്തിയ കുഴിയിൽ മദ്ധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് സ്വദേശിയെന്നു കരുതുന്ന ജോസിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്.കള്ളിക്കാട്ടുള്ള വിജയൻ- ലതിക ദമ്പതികളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടത്. കുടുംബവുമായി അകന്നു കഴിയുന്ന വിജയൻ ഈ പറമ്പിലെ ഷെഡിലാണ് താമസിച്ചിരുന്നത്.
അടുത്തകാലത്ത് പരിചയപ്പെട്ട ജോസുമായി വിജയൻ ഇവിടെ ഒത്തുകൂടുക പതിവായിരുന്നു. ശനിയാഴ്ച ജോസും വിജയനും ഇവിടെയിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടെ ജോസിനെ കാണാതാവുകയായിരുന്നുവെന്ന് വിജയൻ പൊലീസിനോട് പറഞ്ഞു.
ഇന്നലെ രാവിലെ അന്വേഷിച്ചപ്പോൾ സെപ്റ്റിക്ക് ടാങ്കിനായി കുത്തിയ കുഴിയിൽ വെള്ളത്തിനു മുകളിൽ തലയുടെ പുറം ഭാഗവും വസ്ത്രവും കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൂവച്ചൽ പഞ്ചായത്ത് അംഗത്തെയും കാട്ടാക്കട പൊലീസിനെയും വിജയൻ വിളിച്ചു വരുത്തുകയായിരുന്നു. മരിച്ചയാളെക്കുറിച്ചു നാട്ടുകാർക്ക് ഒരറിവും ഇല്ല. മദ്യ ലഹരിയിൽ കുഴിയിൽ വീണാതാണോ എന്നു സംശയം ഉണ്ട്. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.