തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാർ അന്തരിച്ചതിനെത്തുടർന്ന് ഒഴിവായ രാജ്യസഭാ സീറ്റിലേക്ക് ഇടതുമുന്നണി സ്ഥാനാർത്ഥിയായി ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിനെ പ്രഖ്യാപിച്ചു. പാർട്ടി നിർവാഹകസമിതി യോഗം ശ്രേയാംസ്‌കുമാറിന്റെ പേര് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ജനറൽ ഷേക് പി. ഹാരിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 24നാണ് തിരഞ്ഞെടുപ്പ്. വ്യാഴാഴ്ച പത്രിക സമർപ്പിക്കും.

എം.പി. വീരേന്ദ്രകുമാറിന്റെ മകനായ എം.വി. ശ്രേയാംസ്‌കുമാർ രണ്ടു തവണ കല്പറ്റയിൽ നിന്ന് നിയമസഭാംഗമായിരുന്നു. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ലണ്ടനിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കഴിഞ്ഞ ജൂണിൽ മാതൃഭൂമി മാനേജിംഗ് ഡയറക്ടറായി . പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ ഡയറക്ടർ ബോർഡ് അംഗമാണ്. ഐ.എൻ.എസ് എക്സിക്യുട്ടീവ് അംഗവും കേരള റിജിയണൽ ചെയർമാനും, കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റ്, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിക്കുന്നു. കവിതയാണ് ഭാര്യ. മയൂര, ദേവിക, ഗായത്രി, ഋഷഭ് എന്നിവർ മക്കൾ.