വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിൽ വിനോദസഞ്ചാരത്തിന്റെ മറവിൽ എത്തുന്നവർ കാട്ടുന്ന അതിക്രമങ്ങൾ കൂടുന്നതായി പരാതി. ടൂറിസ്റ്റുകളുടെ പറുദീസയായ പൊന്മുടിയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ആദിവാസി മേഖലകളിലേക്ക് ഇത്തരം സംഘങ്ങൾ എത്താൻ തുടങ്ങിയത്. ആദിവാസി മേഖലകളിലേക്ക് അതിക്രമിച്ച് കയറുന്ന ഇക്കൂട്ടർ വനമേഖലയ്ക്കും പ്രദേശവാസികൾക്കും തലവേദനയായി മാറിയിരിക്കുകയാണ്. ഇത്തരത്തിൽ അതിക്രമിച്ച് കയറുന്നതിൽ അധികവും യുവാക്കളാണ്. മദ്യക്കുപ്പികൾ വനത്തിൽ ഉപേക്ഷിക്കുകയും എറിഞ്ഞുടയ്ക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്. വനമേഖലയിൽ അനധികൃതമായി എത്തുന്ന ഇവർ തീ കൂട്ടി ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്നുണ്ട്. കൂടാതെ വനത്തിനുള്ളിൽ കള്ളവാറ്റ് സുലഭമായതിനാൽ ഇതിനായും ധാരാളം പേർ വനമേഖലയിലേക്ക് അതിക്രമിച്ചെത്തുന്നുണ്ട്. ആദിവാസി സ്ത്രീകളെയും പെൺകുട്ടികളെയും ഇവർ ശല്യം ചെയ്യുന്നതായും പരാതിയുണ്ട്. ഇത് സംബന്ധിച്ച് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ആനപ്പാറ മണലി ആദിവാസി മേഖലയിൽ അതിക്രമിച്ചു കയറിയ ആറംഗസംഘം വീട്ടമ്മയെയും ഗൃഹനാഥനെയും ആക്രമിച്ച സംഭവവും ഉണ്ടായി. ചെക്ക് പോസ്റ്റുകൾ തുറന്ന് കിടക്കുന്നതു മൂലം ഇക്കൂട്ടർക്ക് നിയന്ത്രണമില്ലാതെ ഏത് ആദിവാസി ഊരിലും എത്താവുന്ന സ്ഥിതിയാണ് നിലവിൽ.
വിതുര, തൊളിക്കോട് പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ വർദ്ധിച്ചു വരുന്ന യുവ സംഘങ്ങളുടെ ശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണം.
ആദിവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി
ആദിവാസി മേഖലയിൽ വർദ്ധിച്ചു വരുന്ന ടുറിസ്റ്റു ശല്യം തടയാൻ സത്വരനടപടികൾ സ്വീകരിക്കും.
എസ്. ശ്രീജിത്ത്, വിതുര. സി.ഐ
എസ്.എൽ. സുധീഷ്, വിതുര എസ്.ഐ