തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുന്നത് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന് കരുതുന്നവരാണെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഉദ്യോഗസ്ഥരുടെ തെറ്റിന്റെ പാപം ചുമക്കാൻ സർക്കാരിനാവില്ല. കുറ്റക്കാരെ സംരക്ഷിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. സംഭവമുണ്ടായ ഉടൻ അന്വേഷണം ആവശ്യപ്പെട്ടയാളാണ് മുഖ്യമന്ത്രി. കുറ്റക്കാരനെന്നു കണ്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ നൽകാനാണ് എൽ.ജെ.ഡി തീരുമാനം. കള്ളക്കടത്ത് പണം തീവ്രവാദത്തിന് ഉപയോഗിച്ചുവെന്ന ഗൗരവമേറിയ വിഷയം എൻ.ഐ.എ പരിശോധിക്കുമ്പോൾ അതിന്റെ ഗൗരവം കുറയ്ക്കാനാണ് പ്രതിപക്ഷശ്രമം. അന്വേഷണം തടസ്സപ്പെടുത്താനോ വിവരങ്ങൾ മറച്ചുവയ്ക്കാനോ സർക്കാർ ശ്രമിക്കാതിരുന്നതിനാലാണ് എൻ.ഐ.എയ്ക്ക് ശരിയായ വിധം വിവരങ്ങൾ ലഭിക്കുന്നത്.
മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളെ കൊവിഡിനെ മറയാക്കി പരിസ്ഥിതി ആഘാത പരിശോധനയിൽ നിന്ന് ഒഴിവാക്കുന്ന നീക്കമാണ് കേന്ദ്രത്തിന്റേത്. കാർഷിക കടം പൂർണമായി എഴുതിത്തള്ളുകയും മറ്റു വായ്‌പാ പലിശകൾ ഒരു വർഷത്തേക്ക് ഒഴിവാക്കുകയും വേണം. ജെ.ഡി.എസ്- എൽ.ജെ.ഡി ലയനം അടഞ്ഞ അദ്ധ്യായമല്ലെന്നും ശ്രേയാംസ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജനറൽ ഷേക് പി.ഹാരിസും ജനറൽ സെക്രട്ടറി വി. സുരേന്ദ്രൻപിള്ളയും സംബന്ധിച്ചു.