തിരുവനന്തപുരം: ആയിരം അണുകവിതകൾ തുടർച്ചയായി എഴുതി ചരിത്രമെഴുതി എഴുത്തുകാരനും ബിസിനസുകാരനുമായ സോഹൻ റോയ്. 2018 ജനുവരിയിൽ തുടക്കംകുറിച്ച സോഹൻ റോയിയുടെ ദൈനം ദിന അണുകാവ്യ രചനാസപര്യ ഇന്നലെ ആയിരം എണ്ണം തികച്ചു. 'അണുകാവ്യവല്ലിയിൽ ആയിരം പുഷ്പങ്ങൾ ' എന്ന് പേരിട്ട് ഫേസ്ബുക്ക് പേജിൽ സംഘടിപ്പിച്ച വെബിനാറിലൂടെയാണ് കവിതയുടെ പ്രകാശനച്ചടങ്ങുകൾ നടന്നത്. കഴിഞ്ഞ രണ്ടരവർഷക്കാലമായി മുടങ്ങാതെ അതത് ദിവസത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയാണ് 'അണുകാവ്യം ' എന്ന് പേരിട്ട നാലുവരിക്കവിതകൾ രചിച്ചിരുന്നത്. കവിതാ രൂപത്തിലുള്ള വരികൾ സംഗീതം ചെയ്യിപ്പിച്ച് ഓർക്കസ്ട്രയുടെ അകമ്പടിയോടെ അപ്പോൾത്തന്നെ വീഡിയോരൂപത്തിലാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ ബി.ആർ. ബിജുറാം ആണ് സോഹൻ റോയിയുടെ വരികൾക്ക് സംഗീതസംവിധാനവും ഓർക്കസ്ട്രേഷനും ആലാപനവും നിർവഹിച്ചത്.