corona

തിരുവനന്തപുരം: ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 292 ൽ 281 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. സംസ്ഥാനത്തെ കൊവിഡ് രോഗികളിൽ ഇന്നലെയും ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരത്തു നിന്നാണ്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗം ബാധിച്ചു. 101 പേർ രോഗമുക്തി നേടി. തീരദേശ മേഖലകളിൽ ഇപ്പോഴും രോഗവ്യാപനത്തിന് കുറവില്ല. അഞ്ചുതെങ്ങ്, പൂന്തുറ, ബീമാപള്ളി, മരിയനാട്, പുത്തൻതോപ്പ്, പുരയിടം തുടങ്ങിയ മേഖലകളിൽ ഇന്നലെയും രോഗികളുണ്ടായി. കടലാക്രമണം രൂക്ഷമായതോടെ തീരദേശത്തെ പല കുടുംബങ്ങളെയും ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്. ഇവിടെ സാമൂഹ്യ അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, കൈകഴുകൽ തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരുന്നാൽ രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഇന്നലെ ജില്ലയിൽ പുതുതായി 899 പേർ രോഗനിരീക്ഷണത്തിലായി. 883 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 15,355 പേർ വീടുകളിലും 708 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 208 പേരെ പ്രവേശിപ്പിച്ചു. ആശുപത്രികളിൽ 3,008 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 355 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 776 പരിശോധനാ ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിൽ നിന്നായി 708 പേർ നിരീക്ഷണത്തിലുണ്ട്.


ആകെ നിരീക്ഷണത്തിലുള്ളവർ -19,071
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -15,355
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -3,008
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -708
ഇന്നലെ നിരീക്ഷണത്തിലായവർ -899