തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ ഒാൺ ലൈൻ അദ്ധ്യയനം തുടങ്ങി മൂന്ന് മാസമായിട്ടും , സിലബസ് വെട്ടിക്കുറയ്ക്കുന്നതിൽ സർക്കാർ തീരുമാനമെടുക്കാത്തത് കുട്ടികളോടുള്ള വെല്ലുവിളിയാണെന്ന് കേരള അംഗീകൃത സ്‌കൂൾ മാനേജ്‌മെന്റ്സ് അസോസിയേഷൻ ആരോപിച്ചു.ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പ് അധികൃതർക്കും കത്ത് നൽകി. . സാധാരണ സ്‌കൂൾ സമയം ആറ് മണിക്കൂറാണ്. ഇതിൽ ഒരു മണിക്കൂർ ഉച്ചഭക്ഷണത്തിനും മറ്റുമായി നൽകിയ ശേഷം അഞ്ച് മണിക്കൂറാണ് പഠനത്തിനായി ചെലവഴിക്കുക. എന്നാൽ, നിലവിൽ ദിവസം അര മണിക്കൂർ മാത്രമാണ് ഒരു സ്റ്റാന്റേഡിന് ഒാൺലൈൻ ക്ലാസ് നടക്കുന്നത്. അതിനാൽ, മുഴുവൻ പാഠങ്ങളും പഠിപ്പിച്ച് തീർക്കാനാവില്ല.. സിലബസ് വെട്ടിക്കുറയ്ക്കാതെ മറ്റ് മാർഗങ്ങളില്ല. സംസ്ഥാനത്തെ അംഗീകൃത സ്‌കൂളുകളിൽ മികച്ച നിലയിലാണ് ഓൺലൈൻ പഠനം നടക്കുന്നത്. ആദ്യ ടേമിലെ എല്ലാ പാഠങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ ഭൂരിപക്ഷം സ്‌കൂളുകൾക്കും കഴിഞ്ഞു. ടെലിവിഷൻ സംപ്രേക്ഷണം ഓൺലൈൻ പഠനമല്ലെന്നും അസോസിയേഷന്റെ പ്രസ്താവനയിൽ പറഞ്ഞു.