വർക്കല: വർക്കല മേഖലയിൽ തുടരുന്ന കനത്ത മഴയിൽ ഏലാകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ഭിത്തികൾ കുതിർന്ന് വീണ് നാല് വീടുകൾ ഭാഗികമായി തകർന്നു വീഴുകയും ഒരു കിണർ ഇടിഞ്ഞ് താഴുകയും ചെയ്തു. ചിലക്കൂർ വള്ളക്കടവ് കടയിൽ കുടിവീട്ടിൽ അസൂറയുടെ വീട്, ഇടവ തോട്ടുമുഖം ചരുവിള വീട്ടിൽ പ്രസന്നയുടെ വീട്, ഇടവ ലിസി ഭവനിൽ ഗോമതിയുടെ വീട്, മണമ്പൂർ കാട്ടിൽ പുത്തൻവീട്ടിൽ ജയകുമാറിന്റെ വീട് എന്നിവയാണ് ഭാഗികമായി തകർന്നു വീണത്. ചെമ്മരുതി മുട്ടപ്പലം ചിറയിൽ കിഴക്കതിൽ സുനിൽകുമാറിന്റെ വീട്ടുമുറ്റത്തെ കിണർ മഴയിൽ കുതിർന്ന് തകർന്നു. ഗ്രാമപഞ്ചായത്തിലെ മേക്കുളം സ്റ്റേഡിയം പ്രദേശങ്ങൾ വെള്ളത്തിലായി. വർക്കല മേഖലയിൽ ദിവസങ്ങളായി കടൽക്ഷോഭം രൂക്ഷമാണ്.
ശക്തമായ മഴയിൽ അഞ്ചുതെങ്ങ് പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വീടുകൾ വെള്ളത്തിനടിയിലാകുകയും ചില വീടുകൾ തകർന്നു വീഴുകയും ചെയ്തു. ആറാം വാർഡിൽ എരുമത്തിട്ട വീട്ടിൽ രാധയുടെ വീട് തകർന്നു. രണ്ടാം വാർഡിൽ നെടുങ്ങണ്ട വലിയകുഴി റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. മലവിളയിലെ ഒരു വീടിന്റെ സംരക്ഷണഭിത്തി തകർന്നു. പഞ്ചായത്തിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. മാമൂട്, വടക്കേവാട, കുന്നുംപുറം, പുത്തൻവിള, പിള്ളക്കവിളാകം എന്നീ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. പഞ്ചായത്ത് അംഗങ്ങളായ എസ്. പ്രവീൺ ചന്ദ്ര, പി. വിമൽ രാജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു. ഡി.വൈ.എഫ്.ഐ നേതാക്കളായ വിഷ്ണു മോഹൻ, വിജയ് വിമൽ, ഓഷോ രാജ്, വൈശാഖ്, റിജോ സേവിയർ എന്നിവർ എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
എക്സൈസ് ഓഫീസിന്റെ
ചുറ്റുമതിൽ ഇടിഞ്ഞു
വർക്കല: വർക്കലയിൽ എക്സൈസ് ഓഫീസിന്റെ വളപ്പിൽ നിന്ന മരങ്ങൾ കടപുഴകി ഓഫീസിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീഴുകയും വൈദ്യുതി ലൈനുകൾ പൊട്ടുകയും ചെയ്തു. ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ ലൈൻ കമ്പിക്ക് മുകളിലൂടെ വീഴുകയായിരുന്നു. ഇതോടെ വർക്കല റെയിൽവേ സ്റ്റേഷൻ മുണ്ടയിൽ ഭാഗത്തെ വൈദ്യുതി ബന്ധവും തകരാറിലായി. കെ.എസ്.ഇസി.ബിയിൽ വിവരം അറിയിച്ചതിനെ തുടർന്ന് വർക്കല ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ച് മാറ്റുകയും പൊട്ടിവീണ വൈദ്യുതി ലൈനുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു.