kovalam

കോവളം: തിരുവല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. തിരുവല്ലം സ്വദേശിയായ ലോറൻസ്, കാക്കാമൂല സ്വദേശി കിരൺ, നെയ്യാറ്റിൻകര അവണാകുഴി സ്വദേശി രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴോടെ തിരുവല്ലം ബൈപാസിൽ പഴയപാലത്തിലാണ് അപകടം. അമ്പലത്തറ മിൽമയിൽ നിന്ന് പാൽ വാങ്ങി വീട്ടിലേക്ക് മടങ്ങിയ ലോറൻസിന്റെ ബൈക്കിൽ തിരുവല്ലം ഭാഗത്ത് നിന്നെത്തിയ യുവാക്കളുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രികർ റോഡിലേക്ക് തെറിച്ചുവീണു. രണ്ട് ബൈക്കുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. മിൽമയിലെ ഡ്രൈവർമാരാണ് രാഹുലും കിരണും. ഇവരിൽ കിരണിന്റെയും ലോറൻസിന്റെയും തുടയെല്ലുകൾ പൊട്ടി. രാഹുലിന് തലയ്ക്കും പരിക്കേറ്റു. തിരുവല്ലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ സജീവും സംഘവുമെത്തിയാണ് ഇവരെ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമെത്തിച്ചത്.