മലയിൻകീഴ്: ഏതാനും വർഷം മുൻപ് വരെ നാട്ടിലെ എല്ലാ സാമൂഹ്യപ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്നിരുന്ന ഊരുട്ടമ്പലം സ്വദേശി മോഹനന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത് നിനച്ചിരിക്കാതെ എത്തിയ വൃക്കരോഗമായിരുന്നു. പ്ലാവിള പറമ്പുംതല പുത്തൻ വീട്ടിൽ ചക്രപാണിപ്പണിക്കരുടെ മകൻ മോഹനന്റെ (54) രണ്ട് വൃക്കകളും തകരാറിലായിട്ട് 6 വർഷം പിന്നിട്ടിരിക്കുകയാണ്. ആട്ടോറിക്ഷാ
ഓടിച്ച് കിട്ടിയിരുന്ന തുക കൊണ്ടാണ് മോഹനൻ അമ്മയും മകനും ഭാര്യയുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. ഇടയ്ക്കിടെ പനിയും കാലുകളിൽ നീരും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ദിവസേന മിച്ചം പിടിച്ചിരുന്ന സമ്പാദ്യമെല്ലാം ചികിത്സയ്ക്കായി വിനിയോഗിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ഇപ്പോൾ ആഴ്ചയിൽ രണ്ട് ഡയാലിസിസ് ഉൾപ്പെടെ നടത്തുന്നത്. സർക്കാരിൽ നിന്ന് ചികിത്സാ കാർഡ് മാത്രമേ കിട്ടിയിട്ടുള്ളൂ. ഭാര്യ സ്വകാര്യ സ്ഥാപനത്തിൽ ക്ലീനിംഗ് ജോലി ചെയ്തും വിദ്യാർത്ഥിയായ മകൻ പത്രവിതരണം നടത്തിയും കിട്ടുന്ന തുക കൊണ്ടാണ് മരുന്നും വീട്ടുകാര്യങ്ങളും നടത്തുന്നത്. 4 ലക്ഷത്തിലേറെ രൂപ ചികിത്സയ്ക്കായി ചെലവായിട്ടുണ്ടെന്ന് ഭാര്യ ശർമ്മജ പറഞ്ഞു. ദാരിദ്ര്യത്തിലായതിനാൽ ഏക മകൻ കാർത്തിക്കിന്റെ പ്ലസ് വൺ തുടർപഠനവും ആശങ്കയിലാണ്. വൃക്കകളിൽ ഒരെണ്ണം മാറ്റിവച്ചാൽ മോഹനന്റെ ജീവനെങ്കിലും നിലനിറുത്താനാകും. തുടർ ചികിത്സയ്ക്ക് ശേഷിക്കുന്ന മൂന്ന് സെന്റിലുൾപ്പെട്ട ചെറിയൊരു വീട് വിൽക്കേണ്ട അവസ്ഥയാണിവർക്ക്. മോഹനന്റെ കുടുംബത്തെ സഹായിക്കാൻ സുമനസുകളുടെ സഹായനിധി സ്വരൂപിക്കുകയാണ്. മലയിൻകീഴ് സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖയിൽ സി.മോഹനന്റെ പേരിൽ 3414890650 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി - CBIN0281173. ഫോൺ : 7994940554.