തിരുവനന്തപുരം:ആദ്യമായി ഇന്ത്യക്കാരെ ഇന്ത്യയിൽ നിന്നുതന്നെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഐ.എസ്. ആർ.ഒ ദൗത്യമായ ഗഗൻയാനിലെ ആദ്യയാത്രികൻ വ്യോമസേനയിലെ ഒഡിഷ സ്വദേശിയായ വിംഗ് കമാൻഡർ നിഖിൽ രഥ്. ഒപ്പം യാത്രചെയ്യുന്ന മറ്റു രണ്ടുപേരെ താമസിയാതെ തിരഞ്ഞെടുക്കും. ആദ്യഘട്ടപരിശീലനം പൂർത്തിയാക്കിയ നാലുപേരിൽ നിന്നാണ് ഇരുപത്തിയെട്ടുകാരനായ നിഖിൽ രഥിനെ തിരഞ്ഞെടുത്തത്. നിഖിൽ രഥിന്റെ അടുത്ത ഘട്ട പരിശീലനം മൂന്നുമാസത്തിനുള്ളിൽ ആരംഭിക്കും.
മൊത്തം 25 പേരെയാണ് പ്രാഥമിക ഘട്ടത്തിൽ പരിഗണിക്കുന്നത്. ആരോഗ്യവും റഷ്യയിലെ ആദ്യഘട്ട പരിശീലനത്തിലെ മികവും നോക്കിയാണ് തിരഞ്ഞെടുപ്പ്.
ഒഡിഷയിലെ ബോലാംഗിർ സ്വദേശിയായ നിഖിൽ അഭിഭാഷകനായ അശോക് രഥിന്റെയും വനിതാ കമ്മിഷൻ അംഗം കുസും രഥിന്റെയും മകനാണ്. ബോലാംഗിർ കേന്ദ്രീയ വിദ്യാലയത്തിലും ഡൽഹി പബ്ളിക് സ്കൂളിലും നാഷണൽ ഡിഫൻസ് അക്കാദമിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി 2003ലാണ് വ്യോമസേനയിൽ ചേർന്നത്.
നിഖിൽ ഒരുവർഷമായി മോസ്കോയിലെ ഗഗാറിൻ കോസ്മനൗട്ട് ട്രെയിനിംഗ് സെന്ററിൽ പരിശീലനത്തിലായിരുന്നു. അത്യുഷ്ണം,കടുത്ത ശൈത്യം, വാട്ടർ സർഫസ് തുടങ്ങിയ അന്തരീക്ഷാവസ്ഥയും പ്രഷർഡ്രോപ്സ്, ഭാരമില്ലായ്മ തുടങ്ങിയ ശാരീരികാവസ്ഥയും വിജയകരമായി തരണം ചെയ്യാനും നേരിയ ചാഞ്ചാട്ടംപോലും സംഭവിക്കാതെ മനോബലം നിലനിറുത്താനും നിഖിലിന് കഴിഞ്ഞു. സുസ്ഥിരമായ ആരോഗ്യവും തുണച്ചതോടെ ആദ്യയാത്രികനായി നിഖിലിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഗഗൻയാൻ പദ്ധതി
# മൂന്നു ബഹിരാകാശ യാത്രകൾ ഉൾപ്പെട്ടതാണ് ഗഗൻയാൻ പദ്ധതി
# ആദ്യ രണ്ട് യാത്രകളിൽ മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ബഹിരാകാശ പേടകം യാത്ര പൂർത്തിയാക്കി മടങ്ങിയെത്തും.
# മൂന്നാമത്തെ യാത്രയിൽ മൂന്നു ബഹിരാകാശസഞ്ചാരികൾ.ഇവർ ഏഴുദിവസം 400 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിച്ച് തിരിച്ചെത്തും.
# 2022 കഴിയും മുമ്പ് വിക്ഷേപണം. അടുത്ത വർഷം മനുഷ്യരില്ലാത്ത വിക്ഷേപണം
# ചെലവ് 10000 കോടിരൂപ
# ബഹിരാകാശ സ ഞ്ചാരികളെ നേരിട്ട് അയയ്ക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇൗ നേട്ടം കൈവരിച്ചത്
പൂർത്തിയായ തയ്യാറെടുപ്പുകൾ
# ക്രൂമൊഡ്യൂൾ രൂപകൽപന,
# പരീക്ഷണ വിക്ഷേപണം.
# സുരക്ഷിതമായ തിരിച്ചിറങ്ങൽ
# സ്യൂട്ട് രൂപകൽപന,
# താപ,ശീത പരീക്ഷണങ്ങൾ