nurse

തിരുവനന്തപുരം:കൊതിച്ചതും പഠിച്ചതും ആതുര സേവനത്തിലെ മാലാഖമാരാവാൻ. റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയതോടെ ആകാശത്തേക്ക് ചിറകു വിരിച്ച മോഹങ്ങൾ ഒടുവിൽ തല്ലിക്കെടുത്തപ്പെടുമ്പോൾ, അവർ നിസ്സഹായരായി കണ്ണീരൊപ്പുന്നു. സർക്കാർ കനിയുമോ?-ഇനിയെങ്കിലും.

ആരോഗ്യ വകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുമായി പി.എസ്‌.സി പ്രസിദ്ധീകരിച്ച സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിലുള്ള 16000 ത്തിലേറെപ്പേരാണ് രണ്ട് വർഷമായി നിയമനം കാത്തിരിക്കുന്നത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയാൻ ഇനി മാസങ്ങൾ മാത്രം.

ആരോഗ്യ വകുപ്പ് 2018 ജൂലായ് 16 ന് പ്രസിദ്ധീകരിച്ച 10814 പേരുടെ റാങ്ക് ലിസ്റ്റിൽ നിയമന ഉത്തരവ് ലഭിച്ചത് 1450 പേർക്ക് മാത്രം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2018 ഒക്ടോ. 31ന് പുറത്തിറക്കിയ 8488 പേരുടെ ലിസ്റ്റിൽ നിന്ന് 1011 പേർക്കും. ലോക്ക്ഡൗൺ കാലത്തെങ്കിലും കൂടുതൽ നിയമനം നടക്കുമെന്ന പ്രതീക്ഷയും മങ്ങി. വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത 273 ഒഴിവുകളിൽ മാത്രമാണ് നിയമന ശുപാർശ.

 വാഗ്ദാനങ്ങൾ വെള്ളത്തിൽ

പുതിയ തസ്തികകൾ സൃഷ്ടിച്ച് ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം ഇരട്ടിയാക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രിക. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 2874 ഉം ആരോഗ്യ വകുപ്പിൽ1950 സ്റ്റാഫ് നഴ്സ് തസ്തിക സൃഷ്ടിക്കുമെന്ന് ആദ്യ ബഡ്‌ജറ്റിലും പറഞ്ഞു. ആകെ സൃഷ്ടിക്കപ്പെട്ടത് 721 എണ്ണം.

.കോഴിക്കോട് ജില്ലയിൽ 148 ഉം, തൃശൂർ മെ‌ഡിക്കൽ കോളേജിൽ 83 ഉം ഒഴിവുകളുണ്ടെന്ന് വിവരാവകാശരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. അത്പോലും പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല. ഇതിനിടെ, തങ്ങളെ മറികടന്ന് എണ്ണായിരത്തോളം പേരെ കരാറടിസ്ഥാനത്തിൽ നിയമിച്ചതായും ഉദ്യോഗാർത്ഥികൾ പറയുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെല്ലാം നിവേദനവും നൽകി കാത്തിരിപ്പിലാണവർ, മാലാഖമാരാവാൻ.