photo

പാലോട് : ഈറച്ചീളുകളിൽ കരകൗശല വസ്തുക്കൾ വിരിയിച്ച് അച്ഛനും അമ്മയ്ക്കും കൈത്താങ്ങാവുന്ന ദേവികയ്ക്കും ദേവുവിനും മുന്നിൽ ചുവപ്പുനാടയുടെ തടസങ്ങൾ വഴിമാറി. പുതിയ വീട് നിർമ്മിക്കുന്നതിനായി 6 ലക്ഷം രൂപയാണ് ഇവർക്ക് ലഭിക്കുക. ഇതിന്റെ ആദ്യഗഡു പഞ്ചായത്ത് അധികൃതർ കൈമാറി. ലൈഫ് ഭവന പദ്ധതിയിൽ പേരുണ്ടായിട്ടും പണം അനുവദിക്കാത്തതിനാൽ കാട്ടുകമ്പുകൾ ഒടിച്ചു കുത്തിയ കൂരയിൽ പരാധീനതകൾക്ക് നടുവിൽ കഴിയുന്ന പെരിങ്ങമ്മല ഇക്‌ബാൽ എച്ച്.എസിലെ എട്ടാം ക്ലാസുകാരി ദേവികയുടെയും ആറാം ക്ലാസുകാരി ദേവുവിന്റെയും കഥ 'ജീവിതത്തോട് പടവെട്ടുന്ന ദേവികയും ദേവുവും'എന്ന തലക്കെട്ടിൽ കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരിയും വിഷയത്തിൽ ഇടപെടുകയായിരുന്നു.

റോഡ് നിർമ്മിക്കാൻ ജില്ലാപഞ്ചായത്ത്

രണ്ടു നിയോജക മണ്ഡലങ്ങളിലും രണ്ടു പഞ്ചായത്തുകളിലും ഉൾപ്പെട്ട പ്രദേശമായതിനാൽ അധികൃതർ തഴഞ്ഞിട്ടിരുന്ന ഇലഞ്ചിയത്തെ ഗതാഗത പ്രശ്‌നത്തിനും പരിഹാരമായിട്ടുണ്ട്. ആലുമ്മൂട്, ഈട്ടിമൂട് സെറ്റിൽമെന്റുകളുടെ ഏക ആശ്രയമായ റോഡ് ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഗതാഗതയോഗ്യമാക്കുമെന്നും ഇതിനുള്ള നടപടികൾ സ്വീകരിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

സത്യസായി ട്രസ്റ്റ് കിണർ കുഴിക്കും

ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ കുട്ടികൾക്ക് പുസ്‌തകങ്ങളും അവശ്യസാധനങ്ങളും എത്തിച്ചു. കിലോമീറ്ററുകൾക്കലെയുള്ള കാട്ടരുവിയിൽ നിന്നു ചെറിയ പി.വി.സി പൈപ്പിൽ വെള്ളമൊഴുക്കി കുടിലിനു സമീപം കുഴികുത്തി സംഭരിച്ച് കുടിവെള്ളം എടുത്തിരുന്ന പെടാപ്പാടും ഒഴിയുകയാണ്. സായി ഗ്രാമത്തിന്റെ നേതൃത്വത്തിൽ ഇവർക്ക് കിണർ നിർമ്മിച്ചു നൽകുമെന്ന് ഡയറക്ടർ അറിയിച്ചു. ഇതോടൊപ്പം പിതാവിന് സായിഗ്രാമത്തിൽ ജോലി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ടെലിവിഷനുമായി കൗമുദി ടിവി

ദേവികയ്ക്കും ദേവുവിനും ഇനിയുള്ള ഓൺലൈൻ ക്ലാസുകൾ നഷ്ടമാകില്ല. പഠനസഹായമായി ഇവർക്ക് കൗമുദി ടിവി
ഓ-മൈ ഗോഡ് എന്ന പ്രോഗ്രാമിനോടനുബന്ധിച്ച് നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ടെലിവിഷൻ നൽകി. പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂരും അവതാരകരായ ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്കവിളയും ചേർന്ന് വീട്ടിലെത്തി ടെലിവിഷൻ കൈമാറി. ആദിവാസി ക്ഷേമസമിതി നേതാക്കളായ എം.വി.ഷിജുമോൻ,കാട്ടിലക്കുഴി ഹരികുമാർ, കുറുപ്പൻകാല അനി,കാട്ടിലക്കുഴി അനിൽകുമാർ, ബീനാമോൾ തുടങ്ങിയവരും പങ്കെടുത്തു.