പൂവാർ: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തീരദേശ ജനതയെ ഭീതിയിലാഴ്ത്തി മേഖലയിലാകെ മാലിന്യം കുന്നുകൂടുന്നു. സർക്കാർ സംവിധാനങ്ങളെല്ലാം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുവൻസമയം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനാൽ മാലിന്യനീക്കവും മഴക്കാല പൂർവ ശുചീകരണവും കൃത്യമായി നടത്താൻ സാധിക്കാതെ വന്നതിനാലാണ് മാലിന്യപ്രശ്നം ഉടലെടുത്തത്. ട്രിപ്പിൾ ലോക്ക് ഡൗണും, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളുമായി തീരദേശമേഖല പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പകർച്ചവ്യാധി ഭീഷണി കൂടി താങ്ങാനാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മുൻപ് തീരദേശത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുക പതിവായിരുന്നെന്നും കൊവിഡ് വ്യാപനത്തെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും ശ്രദ്ധ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലായതോടെ ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായെന്നുമാണ് നാട്ടുകാർ പറയുന്നത്. മഴക്കാലമായതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കെട്ടി നിൽക്കുന്നത് പതിവാണ്. കനത്ത മഴയത്ത് ഓടകളിലൂടെ ഒലിച്ചു വരുന്ന മലിനജലം വീടുകളിൽ കയറും. പൂവാർ, വിഴിഞ്ഞം ഫയർസ്റ്റേഷനിലെ ജീവനക്കാരാണ് പതിവായി മലിനജലം പമ്പ് ചെയ്ത് മാറ്റാറുള്ളത്. ഇപ്പോൾ അതിനും ആരും എത്താറില്ലെന്ന് പരാതിയുണ്ട്. വീടുകളിൽ നിന്നും ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ കൂടാതെ ഓടകളിലൂടെ ഒലിച്ചു വരുന്ന മാലിന്യവും തീരത്താണ് അടിയുന്നത്. നെയ്യാർ, കരിച്ചൽ കായൽ തുടങ്ങിയവയിലൂടെ തീരത്തെത്തുന്ന മാലിന്യവും ഇതിൽപ്പെടുന്നു. അതേസമയം പല പഞ്ചായത്തുകളിലും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കാൻ കഴിയാതിരിക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അതുപോലെ കൊവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും അണുനശീകരണം പതിവായിരുന്നു. എന്നാൽ രോഗവ്യാപനം സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നപ്പോൾ അണുനശീകരണ പ്രവർത്തനം തീരെ നടക്കാറില്ലെന്ന് ആക്ഷേപമുണ്ട്. പൂവാർ ഫയർസ്റ്റേഷനിലെ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതോടെ ഫയർമാൻമാരും ആശാപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ജനങ്ങൾക്കിടയിലേക്ക് വരാൻ ഭയക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
വാർഡ്തല ഹരിതകർമ്മസേന
ഗ്രാമപഞ്ചായത്തുകളിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചിത്വമിഷനുമായി സഹകരിച്ചു കൊണ്ട് വാർഡുതലത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് ഹരിത കർമ്മസേനയാണ്. കുളത്തൂർ ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളിലായി 40 ഹരിത കർമ്മസേന വോളന്റിയർമാരുണ്ട്. പൂവാർ ഗ്രാമപഞ്ചായത്തിൽ 15 വാർഡുകളിലായി 30 ഉം, കരുംകുളം ഗ്രാമപഞ്ചായത്തിൽ18 വാർഡുകളിലായി 36 ഉം, കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളിലായി 38 ഉം ഹരിത കർമ്മ സേന വോളന്റിയർമാർ പ്രവർത്തിക്കുന്നു.
ശേഖരിച്ച മാലിന്യം മാറ്റാനാകുന്നില്ല
അണുനശീകരണവും മുടങ്ങുന്നു
താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ട്
പകർച്ചവ്യാധി ഭീഷണിയിൽ നാട്ടുകാർ
ഒരു വാർഡിലുള്ള ഹരിതകർമ്മസേന വോളന്റിയർമാർ -2
പ്രതികരണം
തീരദേശ ഗ്രാമപഞ്ചായത്തുകൾ മാലിന്യ നിർമ്മാർജ്ജനത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം,
അടിമലത്തുറ.ഡി.ക്രിസ്തുദാസ്, സാമൂഹ്യ പ്രവർത്തകൻ