mamootty

കരിപ്പൂർ വിമാനാദുരന്തത്തിലും രാജമലയിലെ ഉരുൾപൊട്ടലിലും കൊവിഡും മഴയും വകവയ്ക്കാതെ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവരെ പ്രശംസിച്ച് നടൻ മമ്മൂട്ടി. കനത്ത ആഘാതങ്ങൾക്കിടയിലും പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെന്നത് ആശ്വാസകരമാണ്. അവിടെ ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നും മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടിയുടെ കുറിപ്പ്:

നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്.

നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾക്കു കാഠിന്യമേറുന്നു.
പ്രളയം, മലയിടിച്ചിൽ, വിമാനദുരന്തം അങ്ങനെ ഒരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തിൽ നാമതു കണ്ടതാണ്. മനുഷ്യസ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങൾ. ഏതാപത്തിലും ഞങ്ങൾ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം. പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണ്.

ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാൻ സ്‌നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോർത്തു നിൽക്കാം. നമുക്കൊരുമിച്ചു നിൽക്കാം. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയർന്നുനിൽക്കാം.