കടയ്ക്കാവൂർ: പഞ്ചായത്ത് ആഫീസിന് സമീപത്ത് മത്സ്യക്കച്ചവടം നടത്തിയവരെ പൊലീസ് വിലക്കിയെന്ന് ആരോപിച്ച് അഞ്ചുതെങ്ങിൽ സംഘർഷം. കൂട്ടമായെത്തിയ മത്സ്യത്തൊഴിലാളികൾ പഞ്ചായത്ത് ആഫീസ് ഉപരോധിച്ചശേഷം ജീവനക്കാരെ പുറത്താക്കി. പൊലീസ് സ്ഥലത്തെത്തിയാണ് ജീവനക്കാരെ അകത്തേക്ക് കടത്തിവിട്ടത്. മത്സ്യബന്ധനവും മത്സ്യക്കച്ചവടവും നടത്താൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ആഫീസും പ്രവർത്തിക്കണ്ടെന്നായിരുന്നു ഇവരുടെ വാദം. തങ്ങൾക്ക് രോഗമില്ലെന്നും ചെറിയ പനിയുള്ളവരെപ്പോലും കൊവിഡ് ആണെന്ന് പറഞ്ഞ് ട്രീറ്റ്മെന്റ് സെന്ററിൽ കൊണ്ടുപോകുകയാണെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. മത്സ്യബന്ധനവും കച്ചവടവും നടത്താൻ കഴിയാതെ തങ്ങൾ പട്ടിണിയിലാണെന്നാണ് ഇവർ പറയുന്നത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സമുദായ നേതാക്കളും ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് ആഫീസിന്റെ പ്രവർത്തനം നാലുമണിക്കൂറോളം തടസപ്പെട്ടു. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിനും രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻന്മാർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടം അണുവിമുക്തമാക്കിയിരുന്നു. എന്നാൽ ഇന്നലെയുണ്ടായ സംഭവത്തിൽ ജീവനക്കാർ ആശങ്കയിലാണ്.