chennithala

തിരുവനന്തപുരം: മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷനിൽ നിന്ന് ഒരുകോടി രൂപയുടെ അഴിമതി നടന്നത് തന്റെ അറിവോടെയല്ലെന്ന പിണറായി വിജയന്റെ നിലപാട് സ്വീകാര്യമായ ഉത്തരമല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ കമ്മിഷൻ കിട്ടിയെന്നും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ സഹായത്തോടെ അത് ബാങ്ക് ലോക്കറിൽ വച്ചെന്നുമാണ് വിവാദസ്ത്രീ എൻ.ഐ.എ കോടതിയിൽ സമ്മതിച്ചത്.

ദുബായിലെ സന്നദ്ധസ്ഥാപനമായ റെഡ് ക്രസന്റ് വഴിയുള്ള 20 കോടിയുടെ പദ്ധതിയിൽ അവരും ലൈഫ് മിഷനും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിൽ ആര്, എവിടെ വച്ച് ഒപ്പുവച്ചു എന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ സ്വപ്നയുണ്ടായിരുന്നോ എന്ന് വ്യക്തമാക്കണം. റെഡ്ക്രസന്റ് വഴിയുള്ള 20കോടിയുടെ പദ്ധതി സംബന്ധിച്ച ചർച്ചയ്ക്ക് മുഖ്യമന്ത്രി ദുബായിൽ പോയിരുന്നു. അതിന് നാല് ദിവസം മുമ്പ് ശിവശങ്കറും സ്വപ്നയും ഒരേ ഫ്ലൈറ്റിൽ ദുബായിലെത്തി. അവിടെ നടന്ന ചർച്ചയുടെ ഫലമായാണ് പ്രോജക്ട് വന്നത്. പദ്ധതിനടത്തിപ്പിന് ചുമതലപ്പെടുത്തിയ യുനിടാക് എന്ന സ്വകാര്യകമ്പനി എം. ശിവശങ്കറിന്റെ അടുത്ത ബന്ധുവിന്റേതാണ്. പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്ന പദ്ധതിയിൽ ഒരു കോടി രൂപ കമ്മിഷനടിച്ചത് അഴിമതിയല്ലെങ്കിൽ പിന്നെന്താണ്. ഇതുകൂടി ആയതോടെ സി.ബി.ഐ അന്വേഷണത്തിന്റെ പ്രസക്തി വർദ്ധിച്ചു. ലൈഫ് മിഷൻ അഴിമതി എൻ.ഐ.എ അന്വേഷിക്കുമെന്ന് കരുതാനാവില്ല. ജാമ്യം ലഭിച്ചാൽ മുഖ്യമന്ത്രിയുമായുള്ള പരിചയമുപയോഗിച്ച് സ്വപ്ന കേസ് അട്ടിമറിക്കുമെന്ന് എൻ.ഐ.എയ്‌ക്ക് സംശയമുണ്ടായിരുന്നു. സ്വപ്‌നയ്‌ക്ക് ജാമ്യം നിഷേധിച്ചതിലൂടെ കോടതി ഇത് ശരിവച്ചെന്നും ചെന്നിത്തല പറഞ്ഞു.