kundamonkadave

മലയിൻകീഴ്: കൊവിഡ് രോഗ ഭീതിയിൽ കുണ്ടമൺകടവ് ആറ്റിൽ ചാടി മരിച്ച ഹെൽത്ത് ഇൻസ്പെക്ടറുടെ മൃതദേഹം ഇന്നലെ രാവിലെ 9.30 മണിയോടെ മങ്കാട്ടുകടവിന് സമീപത്തുനിന്ന് കണ്ടെത്തി.കുണ്ടമൺകടവ് ശിവകൃപയിൽ കൃഷ്ണകുമാറി (55)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ജനറൽ ആശുപത്രിക്ക് സമീപമുള്ള ഹെൽത്ത് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ കൃഷ്ണകുമാറിനൊപ്പം ജോലി ചെയ്യുന്നയാളിന്റെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അക്കാരണത്താൽ കൃഷ്ണകുമാർ രണ്ട് ദിവസമായി ലീവിലായിരുന്നു. കൊവിഡ് പരിശോധന നടത്തണമെന്ന് ഓഫീസിൽ നിന്ന് നിർദ്ദേശവും നൽകിയിരുന്നു. അസ്വസ്ഥനായിരുന്ന കൃഷ്ണകുമാർ ശനിയാഴ്ച രാത്രിവരെ വീട്ടിലുണ്ടായിരുന്നു.എന്നാൽ പുലർച്ചെ മുതൽ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപമുള്ള നീലച്ചാംകടവിൽ നിന്ന് കൃഷ്ണകുമാറിന്റെ ചെരുപ്പ് കണ്ടെടുത്തു.

'വീട്ടിലുള്ളവർക്കും നാട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല,ഞാൻ പോകുന്നു' എന്ന് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ മുതൽ വൈകും വരെ കാട്ടാക്കട,ചെങ്കൽചൂള ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ സ്‌കൂബ ടീം അടക്കമുള്ളവർ ആറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. 11.30 മണിയോടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കുമാറ്റി. തിരുവനന്തപുരം ഗവൺമെന്റ് പ്രസിലെ സൂപ്രണ്ട് പ്രിയയാണ് ഭാര്യ. മക്കൾ : ഗോകുൽ,ഗോവിന്ദ്.