paulthura

നാഗർകോവിൽ: ലോക്ക്ഡൗണിനിടെ കടയടയ്ക്കാൻ വൈകിയെന്ന പേരിൽ വ്യാപാരിയേയും മകനേയും കസ്റ്റഡിയിലെടുത്ത് മ‍ർദ്ദിച്ച കൊന്ന കേസിൽ പ്രതിയായ സ്പെഷൽ സബ് ഇൻസ്പെക്ടർ കൊവിഡ് ബാധിച്ചു മരിച്ചു. ജയിലിൽ കഴിയുകയായിരുന്ന സാത്താൻകുളം സ്റ്റേഷനിലെ മുൻ എസ്.എസ്.ഐ പോൾ ദുരൈയാണ്(56) മരിച്ചത്. മധുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ കടുത്ത പനിയെ തുടർന്ന് ജൂലായ് 24 നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊവിഡ‍് സ്ഥിരകീരിച്ചു. മധുര രാജാജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോ​ഗസ്ഥ‍‍ർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇൻസ്പെക്ടറും, എസ്.ഐയും ഉൾപ്പടെ അഞ്ച് പൊലീസുകാർ കേസിൽ റിമാൻഡിലായിരുന്നു.

ലോക്ക് ഡൗൺ നിയന്ത്രണം കണക്കിലെടുക്കാതെ കട അടയ്ക്കാൻ വൈകിയെന്ന് ആരോപിച്ചാണ് വ്യാപാരികളായ ജയരാജ്,​ മകൻ ഫെനിക്സ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. രണ്ട് രാത്രി മുഴുവൻ ഇവരെ ലോക്കപ്പിലിട്ട് മർദിച്ചെന്നാണ് സി.ബി.സിഐഡി കുറ്റപത്രം. വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് കേസ് സി.ബി.ഐക്ക് കൈമാറാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.