തിരുവനന്തപുരം: കടൽക്ഷോഭം രൂക്ഷമായതോടെ ശംഖുംമുഖത്തെ ജനങ്ങൾ ആശങ്കയിൽ. തീരത്ത് ഇതുവരെ 11 വീടുകൾ പൂർണമായും 25 വീടുകൾ ഭാഗികമായും തകർ‌ന്നിട്ടുണ്ട്. ഇന്നലെ രാവിലെയും വൈകിട്ടും ശക്തമായ കടലേറ്റമുണ്ടായി. ശംഖുംമുഖം ബീച്ചിന്റെ മുക്കാൽ ഭാഗവും റോഡും കടലെടുത്തു. ഇന്ന് രാവിലെയുണ്ടായ തിരമാലയിൽ ടൂറിസം വകുപ്പിന്റെ ഹോട്ടലിന്റെ മുൻവശം വരെ വെള്ളമെത്തിയതായി സമീപവാസികൾ പറയുന്നു. ആഭ്യന്തര വിമാനത്താവളത്തിലേക്കുള്ള റോഡ് നേരത്തെ തന്നെ പൂർണമായും തകർന്നിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ തീരത്തുള്ളവരെ ദുരിതാശ്വസ ക്യാമ്പിലേക്ക് മാറ്റിയിട്ടില്ല. പലരും ഇപ്പോൾ ബന്ധുവീട്ടിലാണ് താമസം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകളിൽ കേന്ദ്രീകരിച്ച് ക്യാമ്പുകൾ തുടങ്ങി ഓരോ ക്ളാസ് റൂമുകളിലും ഓരോ കുടുബത്തിനും താമസിക്കുന്ന തരത്തിൽ സജ്ജീകരിക്കാനാണ് തീരുമാനം. കടൽഭിത്തി നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് മന്ത്രി ജി. സുധാകരൻ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നാല് ദിവസം കൂടി കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും 2.5 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.