തിരുവനന്തപുരം: 'മിസ്റ്റർ വിജയൻ, നിങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാൽ ഞങ്ങളും എണ്ണിയെണ്ണി മറുപടി തരാം. വിരട്ടലൊന്നും വേണ്ട. ഇത് കേരളമാണ്"- കഴിഞ്ഞ സർക്കാരിന്റെ വൃത്തികേടുകൾ എണ്ണിയെണ്ണി പറയണോ എന്ന് രോഷാകുലനായി ചോദിച്ച മുഖ്യമന്ത്രിക്ക് അതേ സ്വരത്തിലായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. ഉമ്മൻ ചാണ്ടിയെക്കുറിച്ച് പറയാൻ താങ്കൾക്കൊരവകാശവുമില്ല. ഏത് പാവപ്പെട്ടവനും ഏതർദ്ധരാത്രിയിലും കയറിച്ചെല്ലാവുന്ന മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു അന്നത്തേത്. ഇന്ന് ഒരു എം.എൽ.എയ്ക്കെങ്കിലും കടന്നുചെല്ലാനാകുമോ? യു.ഡി.എഫിന്റെ അഴിമതി പഠിക്കാൻ മന്ത്രി എ.കെ. ബാലനെ ചുമതലപ്പെടുത്തിയിട്ട് എന്തായി. നാല് വർഷം ഞങ്ങളെ വേട്ടയാടാൻ ശ്രമിച്ചിട്ട് എന്തെങ്കിലുമൊരു കടലാസ് കഷണം കിട്ടിയോ? ഇനിയും 8- 9 മാസമുണ്ടല്ലോ, നടപടിയെടുക്കൂ. കെ.പി.സി.സി പ്രസിഡന്റായിരിക്കെ തന്റെ പേരിൽ ഉത്തരവിട്ട സി.ബി.ഐ അന്വേഷണം എവിടെപ്പോയെന്നും ചെന്നിത്തല ചോദിച്ചു.
മാദ്ധ്യമങ്ങൾ അനുകൂലമായി വാർത്ത കൊടുത്താലും എഡിറ്റോറിയലെഴുതിയാലും അതുദ്ധരിക്കുന്ന മുഖ്യമന്ത്രിക്കിപ്പോൾ അവർ ചതുർത്ഥിയാണ്. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാൾക്ക് സ്വർണക്കടത്ത് പ്രതികളുമായി വഴിവിട്ട ഇടപെടലുകളുമുണ്ടായതിനാലാണ് സംശയം മുഖ്യമന്ത്രിയിലേക്കും ഓഫീസിലേക്കുമെത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് നിർണായക സ്വാധീനമുണ്ടെന്നും അദ്ദേഹവുമായി പരിചയമുണ്ടെന്നും എൻ.ഐ.എ പറയുന്നു. എൻ.ഐ.എ മുഖ്യമന്ത്രിയെ പ്രകീർത്തിച്ചത് രണ്ട് ദിവസം ആഘോഷമാക്കിയപ്പോൾ ഇതിനെയെന്തിന് തള്ളിപ്പറയുന്നു. വിരട്ടിയാൽ വിരളുന്നവരല്ല കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ. റാങ്ക്ജേതാക്കളുടെ കണ്ണീരിൽ മുങ്ങിത്താഴുകയാണ് സർക്കാരെന്നും ചെന്നിത്തല പറഞ്ഞു.